ആസാമിലെ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിലുണ്ടായ സംഘർഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ശാരിക / ദിസ്പുർ
ആസാമിലെ വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ സംഘർഷാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. സംഘർഷം പൊട്ടിപ്പുറപ്പെട്ട ഖെറോണിയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം ഖെറോണിയിലെ മാർക്കറ്റ് പ്രദേശത്താണ് അക്രമാസക്തമായ സംഭവങ്ങൾ അരങ്ങേറിയത്. ഈ സംഘർഷത്തിൽ രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെടുകയും 58 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
ഗോത്ര വിഭാഗങ്ങൾക്ക് സ്വയംഭരണ അവകാശമുള്ള ഈ പ്രദേശത്ത് താമസിപ്പിക്കുന്ന നേപ്പാൾ, ബിഹാർ സ്വദേശികളായ കുടിയേറ്റ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗത്തിൽപ്പെട്ടവർ നടത്തിയ ഈ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. നിലവിൽ സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് തുടരുകയാണ്.
