വാലൻന്റൈൻ ദിനാഘോഷത്തിനെതിരെ ബജ്‌റംഗ്ദൾ പ്രതിഷേധം

ഫെബ്രുവരി 14ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കുന്നതിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം. ഹൈദരാബാദില്‍ നടന്ന പ്രതിഷേധത്തില്‍ വാലന്റൈന്‍ദിന ആശംസാ കാര്‍ഡുകളും വാലന്റൈന്റെ കോലങ്ങളും പ്രവര്‍ത്തകര്‍ കത്തിച്ചു. ഫെബ്രുവരി 14 അമര്‍ ജവാന്‍ ദിനമായി ആഘോഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ന് ഈ കാണുന്നത് പ്രണയ ദിനമല്ലെന്നും രാജ്യത്ത് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നും ഇവർ ആരോപിക്കുന്നു. ആശംസാ കാര്‍ഡുകളുടെയും സ്വകാര്യ ആല്‍ബം ഗാനങ്ങളുടെ വിപണിയിലൂടെയും ബഹുരാഷ്ട്ര കമ്പനികള്‍ വന്‍ തുക സമ്പാദിക്കുകയാണെന്നും ബജ്‌റംഗ്ദള്‍ പ്രവർത്തകർ ആരോപിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ ഉത്തരേന്ത്യയില്‍ പ്രണയദിനത്തിനെതിരെ പ്രചാരണം ഇതിനകം ശക്തമായിട്ടുണ്ട്. വാലന്റൈന്‍സ് ദിനം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും സനാതന ധര്‍മ്മമനുസരിച്ച് ജീവിക്കുന്നവര്‍ ഇത്തരം പാശ്ചാത്യ ആശയങ്ങളെ സ്വീകരിക്കരുതെന്നുമാണ് പ്രചരണം. ഹിന്ദുത്വ സംസ്‌കാരമെന്നത് മാന്യതയും കുലീനതയുമാണെന്നും ഇത്തരം ആഘോഷങ്ങള്‍ യുവജനതയെ വഴി തെറ്റിക്കുന്നുമെന്നുമാണ് ട്വിറ്ററിലൂടെ വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരണം നടത്തുന്നത്. ഇന്ത്യയില്‍ വാലന്റൈന്‍സ് ഡേ നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സേ നോ റ്റു വാലന്റൈന്‍സ് ഡേ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ക്യാമ്പയിന്‍. ഇത്തരം ട്വീറ്റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുകയും റി ട്വീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.