ഇന്ത്യ-യു.എസ് വ്യാപാര കരാർ: രാജ്യം വിൽക്കുന്ന നടപടിയെന്ന് പ്രതിപക്ഷം; കർഷക പ്രതിഷേധം ശക്തമാകുന്നു
ശാരിക l ദേശീയം
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾ ബലികഴിക്കുന്നതും പൂർണ്ണമായും അമേരിക്കയ്ക്ക് അനുകൂലവുമായ ഒരു 'കീഴടങ്ങൽ' കരാറാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തുക്കളായ അംബാനി, അദാനി എന്നിവരുടെ താൽപര്യങ്ങൾക്കായി രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്തിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. അമേരിക്കൻ കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ഇല്ലാതാക്കുന്നത് ഇന്ത്യൻ കർഷകരുടെ നട്ടെല്ല് തകർക്കുമെന്നും, യു.എസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് 18 ശതമാനം തീരുവ ഏർപ്പെടുത്തിയത് അസമത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അദാനിക്കെതിരെയുള്ള അമേരിക്കയിലെ അഴിമതി കേസുകളിൽ നിന്നും എപ്‌സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് പ്രധാനമന്ത്രി ഇത്തരമൊരു കരാറിന് മുതിർന്നതെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് ആരോപിച്ചു. കരാറിനെച്ചൊല്ലി വിദേശകാര്യ, വാണിജ്യ മന്ത്രാലയങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നും രാജ്യം ഇതുവരെ കാണാത്ത വിധത്തിലുള്ള ഭരണപരമായ തകർച്ചയാണിതെന്നും ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പരിഹസിച്ചു. ഇന്ത്യയിലെ തുണിത്തരങ്ങൾക്കും തുകൽ ഉൽപന്നങ്ങൾക്കും യു.എസ് വലിയ തോതിൽ തീരുവ ചുമത്തുന്നത് കയറ്റുമതി മേഖലയെ ബാധിക്കുമെന്ന് മുൻ ധനമന്ത്രി പി. ചിദംബരവും വ്യക്തമാക്കി.
അതേസമയം, കരാറിനെതിരേ കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം) പ്രക്ഷോഭം ശക്തമാക്കുകയാണ്. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നടപടി രാജ്യദ്രോഹപരമാണെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്നും സംഘടന അറിയിച്ചു. ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം.
ghgh


