കേരളത്തിലെ ചികിത്സ ഫലപ്രദം ; മകളുടെ കാഴ്ച ശക്തി തിരികെ ലഭിച്ചെന്ന് കെനിയന്‍ മുന്‍ പ്രധാനമന്ത്രി

കേരളത്തിലെ ആയൂര്‍വേദ ചികിത്സ വഴി തന്റെ മകളുടെ കാഴ്ച ശക്തി മെച്ചപ്പെട്ടതായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ. മൂന്നാഴ്ച നീണ്ടു നിന്ന ചികിത്സയ്ക്കു ശേഷമാണ് കാഴ്ചശക്തിയില്‍ പുരോഗതിയുണ്ടായതെന്ന് ഒഡിംഗ പറഞ്ഞു. കൂത്താട്ടുകുളത്തെ നേത്ര ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ ആയുര്‍വേദ ചികിത്സയാണ് ഫലപ്രദമെന്ന് ഒഡിംഗ സാക്ഷ്യപ്പെടുത്തുന്നത്. 'കേരളത്തിലെ കൊച്ചിയില്‍ തന്റെ മകളുടെ നേത്ര ചികിത്സയ്ക്കായാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മകളുടെ കാഴ്ചയില്‍ കാര്യമായ പുരോഗതിയുണ്ട്. ഇപ്പോള്‍ ഏറെക്കുറെ എല്ലാം കാണാം'. ഇത് കുടുംബത്തിന് വലിയ അത്ഭുതമാണ് സമ്മാനിച്ചിരിക്കുന്നതെന്നും ഒഡിംഗ കൂട്ടിച്ചേര്‍ത്തു.
ആയൂര്‍വേദ ചികിത്സയിലൂടെ കാഴ്ച ശക്തി തിരികെ ലഭിച്ചത് വളരെയധികം ആത്മവിശ്വാസം നല്‍കിയെന്നും ഈ ചികിത്സാ രീതി ആഫ്രിക്കയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ഒഡിംഗ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് മകള്‍ റോസ്‌മേരി ഒഡിംഗയുടെ ചികിത്സക്കായി കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ കുടുംബത്തോടൊപ്പം കൊച്ചിയിലെത്തിയത്. ഏതാനും വര്‍ഷം മുമ്പ് നഷ്ടമായ കാഴ്ച ശക്തി ആയൂര്‍വേദ ചികിത്സയിലൂടെ തന്നെയായിരുന്നു റോസ്‌മേരിക്ക് തിരികെ ലഭിച്ചത്. ഈ ചികിത്സയുടെ തുടര്‍ച്ചക്കായാണ് ഇത്തവണയെത്തിയത്.