റമദാൻ വിപണി: വിലക്കയറ്റം തടയാനുള്ള ശ്രമങ്ങളെ പ്രശംസിച്ച് ബഹ്റൈൻ മന്ത്രിസഭ യോഗം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിലെ ഭക്ഷ്യലഭ്യതയും വില നിലവാരവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കങ്ങളെ ബഹ്റൈൻ മന്ത്രിസഭ പ്രശംസിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് റമദാൻ മാസത്തിൽ വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും വ്യവസായ വാണിജ്യ മന്ത്രാലയവും ബഹ്റൈൻ ചേംബറും നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രിസഭ അഭിനന്ദിച്ചത്.
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (BDF) 58-ാം വാർഷികത്തോടനുബന്ധിച്ച് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ പ്രസംഗത്തിന് ബഹ്റൈൻ മന്ത്രിസഭയോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ചർച്ചകൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട ഉഭയകക്ഷി പ്രതിരോധ കരാർ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ അടുത്തിടെ നടത്തിയ കുവൈറ്റ് സന്ദർശനത്തിന്റെ വിജയകരമായ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സഹായിച്ചതായി യോഗം വിലയിരുത്തി.
കാർഷിക ബാങ്കുകളെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്താനും മാധ്യമ-പരസ്യ മേഖലകളിലെ ലൈസൻസിംഗിനായി പുതിയ പ്രമേയം അംഗീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ പരിഷ്കാരം. കൂടാതെ, മൊറോക്കോയുമായുള്ള വിവിധ സഹകരണ പദ്ധതികൾക്കും അംഗീകാരം നൽകി. യുണിഡോയുമായി (UNIDO) ചേർന്ന് ബഹ്റൈനിൽ ഒരു റീജിയണൽ പ്രോസ്തെറ്റിക് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കാനും തീരുമാനമായി.
പാകിസ്ഥാനിലെ ഇസ്ലാമാബാദിലുണ്ടായ ഭീകരാക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. നാഷണൽ ആക്ഷൻ ചാർട്ടറിന്റെ വാർഷികത്തോടനുബന്ധിച്ച് ഭരണാധികാരികൾക്കും പൗരന്മാർക്കും യോഗം ആശംസകൾ നേർന്നു. 2022 മുതൽ 2025 വരെയുള്ള കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കണക്കുകളും യോഗം വിലയിരുത്തി.


