റമദാനിൽ വില വർദ്ധിപ്പിക്കില്ലെന്ന ഉറപ്പുമായി ബഹ്റൈനിലെ വ്യാപാരികൾ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തിൽ രാജ്യത്തെ സൂപ്പർമാർക്കറ്റുകളിലും കോൾഡ് സ്റ്റോറുകളിലും ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകി. റമദാൻ കാലയളവിൽ അമിതവില ഈടാക്കില്ലെന്ന് ഉറപ്പാക്കാൻ 200-ലധികം വ്യാപാരികൾ ഉറപ്പ് നൽകിയതായി ഫുഡ് സെക്ടർ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ അറിയിച്ചു.
സൗദി അറേബ്യയിൽ നിന്ന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും കരമാർഗ്ഗം സുഗമമായി എത്തിക്കാൻ കസ്റ്റംസ് അധികൃതരുമായി സഹകരിച്ച് നീക്കങ്ങൾ നടത്തുന്നുണ്ട്. നിലവിൽ വിതരണ ശൃംഖലയിൽ തടസ്സങ്ങളില്ലെന്നും സാധനങ്ങൾ കൃത്യസമയത്ത് വിപണിയിൽ എത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ഏഴായിരത്തോളം സൂപ്പർമാർക്കറ്റുകളിലൂടെയും 15 ഡെലിവറി കമ്പനികൾ വഴിയും റമദാൻ ഉൽപ്പന്നങ്ങൾ ലഭ്യമാകും. വിപണിയിൽ ശക്തമായ മത്സരമുള്ളതിനാൽ പലയിടത്തും ആകർഷകമായ ഓഫറുകളും കുറഞ്ഞ വിലയും പ്രതീക്ഷിക്കാം. അതിനാൽ ഭക്ഷ്യസാധനങ്ങൾ അനാവശ്യമായി പൂഴ്ത്തിവെക്കേണ്ടതില്ലെന്നും ആവശ്യത്തിന് മാത്രം വാങ്ങണമെന്നും ഖാലിദ് അൽ അമീൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
വില നിലവാരം നിരീക്ഷിക്കാൻ ഇൻഡസ്ട്രി ആൻഡ് കൊമേഴ്സ് മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സംയുക്തമായി വിപണികളിൽ പരിശോധന നടത്തും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
sdfsdf


