ഹിജാബ് വിവാദം: സർക്കാർ പെൺകുട്ടികളുടെ ഭാവി ഇല്ലാതാക്കുന്നുവെന്ന് രാഹുൽ ഗാന്ധി

കർണാടകയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹിജാബിന്‍റെ പേരിൽ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിക്കുകയാണെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.
പെൺകുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ. സരസ്വതി ദേവി അറിവ് എല്ലാവർക്കുമായിട്ടാണ് നൽകുന്നത്. വേർതിരിവ് കാണിക്കാറില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ, സ്കൂളുകൾ മതവിശ്വാസം പ്രകടിപ്പിക്കേണ്ട സ്ഥലമല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന് കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സ്കൂളുകളിലും കോളേജിലും ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികൾ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ തൽസ്ഥിതി തുടരാൻ സ്കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്.