ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം


ഷീബ വിജയൻ

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർണ്ണായകമായ പ്രഖ്യാപനങ്ങൾ നടത്തി. ആരോഗ്യ, സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ ബജറ്റ്. ആശ വർക്കർമാർക്കും അങ്കണവാടി വർക്കർമാർക്കും വേതനത്തിൽ 1000 രൂപയുടെ വർദ്ധനവ് പ്രഖ്യാപിച്ചു. കൂടാതെ അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാർക്ക് 1000 രൂപയും വർദ്ധിപ്പിച്ചു.

ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മറ്റൊരു തീരുമാനം റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷയും, പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസും നടപ്പിലാക്കും.

കേരളത്തിന്റെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് മന്ത്രി പ്രസംഗം തുടർന്നത്. ക്ഷേമ പെൻഷൻ ഇനത്തിൽ ഇതുവരെ 48,383.83 കോടി രൂപ വിതരണം ചെയ്തതായും, കാലാവധി തീരുമ്പോഴേക്കും ഇത് 54,000 കോടിയായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക മേഖലയിലെ അടിസ്ഥാന വികസനത്തിന് 5,000 കോടി രൂപ ചെലവഴിച്ചു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളുടെ 60 ശതമാനവും കേരളത്തിലാണെന്നത് സർക്കാരിന്റെ തൊഴിൽ നയത്തിന്റെ വിജയമായി മന്ത്രി ചൂണ്ടിക്കാട്ടി.

കാർഷിക മേഖലയിലും ശ്രദ്ധേയമായ നീക്കങ്ങളുണ്ട്. നെല്ലിന്റെ സംഭരണ വില 30 രൂപയായും റബറിന്റെ തറവില 200 രൂപയായും ഉയർത്തി. വിഴിഞ്ഞം തുറമുഖ വികസനം, കെ.എസ്.ആർ.ടി.സിയിലെ കൃത്യമായ ശമ്പള വിതരണം, 3.92 ലക്ഷം പുതിയ സംരംഭങ്ങൾ എന്നിവ വഴി കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതായും മന്ത്രി പറഞ്ഞു. പവർകട്ട് ഇല്ലാത്ത കേരളം സർക്കാരിന്റെ വലിയ നേട്ടമാണെന്നും, പത്ത് വർഷത്തിനുള്ളിൽ 'ന്യൂ നോർമൽ കേരളം' യാഥാർത്ഥ്യമാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം തുടരുന്നത്.

article-image

adsasddsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed