കളിക്കളത്തിൽ വെച്ച് പുകവലിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം വിവാദത്തിൽ

ബംഗ്ലാദേശ് പ്രിമിയർ ലീഗ് മത്സരം ആരംഭിക്കുന്നതിന് മുന്പ് ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വച്ച് പുകവലിച്ച മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്ഥാൻ താരം വിവാദക്കുരുക്കിൽ. മുഹമ്മദ് ഷെഹ്‌സാദാണ് കളിക്കളത്തിൽവച്ച് പുക വലിച്ചത്. വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന് കർശന താക്കീതും ലഭിച്ചു. ഷെഹ്‌സാദിന്റെ പേരിൽ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.
ശക്തമായ മഴ മൂലം ഈ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന കോമില്ല വിക്ടോറിയൻസും മിനിസ്റ്റർ ഗ്രൂപ്പ് ധാക്കയും തമ്മിലുള്ള മത്സരം തടസപ്പെട്ടിരുന്നു. മത്സരം തുടങ്ങാൻ വൈകിയതോടെ മഴ ശമിച്ച അൽപനേരത്തേക്ക് കളിക്കാർ ഗ്രൗണ്ടിലെത്തി. ഈ സമയത്താണ് ഷെഹ്‌സാദ് പുകവലിച്ചത്. അഫ്ഗാനിൽ നിന്നുള്ള ഈ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മിനിസ്റ്റർ ഗ്രൂപ്പ് ധാക്ക ടീമിലെ സ്ഥിരംസാന്നിധ്യമാണ്. ഏഴു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ടൂർണമെന്റിൽ മൂന്നാം സ്ഥാനത്താണ് ധാക്ക ടീം.
ദൃശ്യങ്ങൾ വൈറലായതോടെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷൻ ഇടപെട്ടത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലാണ് ഷെഹ്‌സാദ് പെരുമാറിയതെന്ന് കണ്ടെത്തിയ മാച്ച് റഫറി നീയിമുർ റഷീദ് താരത്തെ താക്കീത് ചെയ്യാനും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്താനും തീരുമാനിക്കുകയായിരുന്നു. ഷെഹ്‌സാദ് പിഴവ് സമ്മതിച്ചതോടെ മറ്റ് നടപടിക്രമങ്ങൾ കൂടാതെ തന്നെ ഇത് നടപ്പാക്കുകയും ചെയ്തു.
ധാക്ക പരിശീലകൻ മിസാനുർ റഹ്മാൻ പുകവലി ശ്രദ്ധയിൽപ്പെട്ട ഉടൻ താരത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗ്രൗണ്ടിൽ നിൽക്കാതെ എത്രയും പെട്ടെന്ന് ഡ്രസിംഗ് റൂമിലേക്ക് പോകാൻ ബംഗ്ലാദേശ് താരം തമിം ഇക്ബാലും ഷഹ്‌സാദിനോടു നിർദ്ദേശിച്ചു. ബംഗ്ലാദേശിലെ നിരവധി മാധ്യമങ്ങൾ മറ്റ് താരങ്ങളുടെ അടുത്ത് നിന്ന് ഷഹ്‌സാദ് പുകവലിക്കുന്ന ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.