‘തേജസ്വി ആർജെഡി അദ്ധ്യക്ഷാനാകുമെന്ന് വാർത്ത തള്ളി ലാലു പ്രസാദ് യാദവ്

താൻ രാഷ്ട്രീയ ജനതാദൾ അധ്യക്ഷ സ്ഥാനം ഉടൻ ഒഴിയുമെന്ന പ്രചരണം വാസ്തവമല്ലെന്ന് ലാലു പ്രസാദ് യാദവ്. താൻ സ്ഥാനം ഒഴിഞ്ഞ് പകരം മകൻ തേജസ്വി യാദവിനെ അധ്യക്ഷ പദവിലേക്ക് കൊണ്ടുവരുമെന്ന് പ്രചരിപ്പിക്കുന്നത് വിഡ്ഢികൾ മാത്രമാണെന്ന് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. ഊഹാപോഹങ്ങൾ വാർത്തയായി പ്രചരിപ്പിക്കേണ്ടതില്ല. പാർട്ടിയുടെ ഔദ്യോഗിക നീക്കങ്ങൾ യഥാസമയം മാധ്യമങ്ങളെ അറിയിക്കുമെന്നും ലാലു പ്രസാദ് വ്യക്തമാക്കി.
പാർട്ടിയിൽ ഉടൻ നേതൃമാറ്റമുണ്ടാകുമെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളെ തള്ളി ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആർ ജെ ഡിയെ നയിക്കാൻ ലാലു പ്രസാദ് യാദവ് ശക്തനും സന്നദ്ധനും ആണെന്നും തേജസ്വിയ്ക്ക് അധ്യക്ഷ സ്ഥാനം നൽകി ലാലു പ്രസാദ് ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് പ്രതാപ് യാദവ് ഇന്നലെ പ്രതികരിച്ചത്.
ഫെബ്രുവരി 10ന് പാറ്റ്‌നയിൽ വെച്ചാണ് ആർജെഡി എക്‌സിക്യൂട്ടീവ് മീറ്റിംഗ് നടക്കുന്നത്. പാർട്ടി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ രബ്രി ദേവി ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ലാലു പ്രസാദ് യാദവും തേജസ്വി യാദവും യോഗത്തിൽ പങ്കെടുക്കും. 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തേജസ്വി യാദവാണ് ആർജെഡിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയിരുന്നത്. തേജസ്വിയുടെ നേതൃത്വത്തിന് കീഴിൽ യുവാക്കളുടെ വലിയ നിര തന്നെ അണി നിരന്നത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ഗുണം ചെയ്തിരുന്നു.