കോവിഡ്; ഇന്ത്യയിൽ 50,000ത്തിലധികം പുതിയ രോഗികൾ


ന്യൂഡൽഹി 

രാജ്യത്ത് വീണ്ടും അന്പതിനായിരം കടന്ന് കൊറോണ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏതാനും നാളുകൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന രോഗികൾ 50,000 കടക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 55 ശതമാനം രോഗികളാണ് വർദ്ധിച്ചിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

534 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 432 പേരും കേരളത്തിൽ നിന്നുളളവരാണ്. ഇതോടെ ആകെ കൊറോണ മരണം 4,82,551 ആയി. രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളിലും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ സജീവ രോഗികൾ രണ്ട് ലക്ഷം കവിഞ്ഞു. ആകെ 2,14,004 പേരാണ് ഇപ്പോൾ കൊറോണ ചികിത്സയിലുള്ളത്. 15,389 പേർക്ക് കൂടി അസുഖം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം മൂന്ന് കോടി 43 ലക്ഷം പിന്നിട്ടു. ഇതിനോടകം 147.72 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ ഒമിക്രോൺ രോഗികൾ 2,135 ആയി. 653 പേർ റിപ്പോർട്ട് ചെയ്ത മഹാരാഷ്‌ട്രയിലാണ് ഏറ്റവുമധികം ഒമിക്രോൺ രോഗികളുള്ളത്. രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്.

You might also like

Most Viewed