പെട്രോളിനും ഡീസലിനും ചുമത്തിയ നികുതിയിൽ നിന്ന് സർക്കാർ സന്പാദിച്ചത് എട്ടു ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് സാന്പത്തിക വർഷങ്ങളിലായി പെട്രോളിനും ഡീസലിനും ചുമത്തിയ നികുതിയിൽ നിന്ന് സർക്കാർ എട്ടു ലക്ഷം കോടി രൂപ സന്പാദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിനെ അറിയിച്ചു. മൊത്തം തുകയിൽ 2020−21 കാലയളവിൽ 3.71 ലക്ഷം കോടിയലധികം രൂപ സമാഹരിച്ചതായും രാജ്യസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി. 2018 ഒക്ടോബറിൽ 19.48 രൂപയുണ്ടായിരുന്ന പെട്രോളിന്‍റെ നികുതി 2021 നവംബർ നാൽ ആയപ്പോൾ 27.90 ആയി വർധിച്ചു. ഇതേ കാലയളവിൽ ഡീസലിന്‍റേത് 15.33 ൽ നിന്ന് 21.80 ആയും വർധിച്ചു.
2021 ഫെബ്രുവരി രണ്ടു വരെ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തിരുവ യഥാക്രമം 32.98, 31. 83 എന്നിങ്ങനെയായിരുന്നു. ദീപാവലി തലേന്ന് പെട്രോളിന്‍റേയും ഡീസലിന്‍റേയും വില 100 കടന്നതോടെ എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയുമാക്കി കുറച്ചു. ഇതോടെ പെട്രോളിന് തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിന് 21.80 രൂപയുമായി കുറഞ്ഞു.