സായി ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെ മരണം: മരണകാരണം വിഷക്കായ കഴിച്ചതെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ഊർജിതം
ഷീബ വിജയൻ
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ രണ്ട് കായിക താരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷക്കായ (ഒതളങ്ങ) കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലർച്ചെ പരിശീലനത്തിന് എത്താതിരുന്നതിനെ തുടർന്ന് സഹപാഠികൾ മുറിയിൽ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കബഡി താരമായ വൈഷ്ണവിയും അത്‌ലറ്റിക് താരമായ സാന്ദ്രയും എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന കബഡി മത്സരത്തിൽ വൈഷ്ണവി വിജയിച്ചിരുന്നു. അതുകൊണ്ടുതന്നെ മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്.
ഹോസ്റ്റലിൽ ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദങ്ങളോ മറ്റ് പീഡനങ്ങളോ നേരിടേണ്ടി വന്നിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ ഫോൺ രേഖകളും ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സായി അധികൃതരോടും കായിക വകുപ്പിനോടും സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.
asddsaadsasd

