ഭീമ കൊറേഗാവ് കേസ്: സുധ ഭരദ്വാജ് ജയിൽ മോചിതയായി

മുംബൈ: ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ് ജയിൽ മോചിതയായി. കേസിൽ ജാമ്യം ലഭിച്ച അവർ വ്യാഴാഴ്ച രാവിലെയാണ് ബൈക്കുള വനിതാ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. മുംബൈയിൽ നിന്ന് പുറത്തുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ആദ്യം പൂനെയിലെ യാർവാഡ ജയിലിലായിരുന്ന അവരെ, കേസ് എൻഐഎ ഏറ്റെടുത്തതിന് ശേഷം ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിന്‍റെ വിചാരണ നടക്കാനിരിക്കുന്നതേയുള്ളൂ. വിചാരണ തടവുകാരിയായി മൂന്നു വർഷമായി ജയിൽ വാസം അനുഭവിച്ചുവരികയായിരുന്നു. ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരേ ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ബോംബെ ഹൈക്കോടതി സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചത്. ബോംബെ ഹൈക്കോടതി വിധിയിൽ ഇടപെടേണ്ട ഒരാവശ്യവും നിലവിൽ ഇല്ലെന്ന് ജസ്റ്റീസുമാരായ യു.യു. ലളിത്, രവീന്ദ്ര ഭട്ട്, ബേല ത്രിവേദി എന്നിവർ ഉ ൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.