ഭഗവത്ഗീത കേവലം ഒരു മതഗ്രന്ഥമല്ലെന്ന് മദ്രാസ് ഹൈകോടതി


ശാരിക / ചെന്നൈ

ഭഗവത്ഗീത കേവലം ഒരു മതഗ്രന്ഥമല്ലെന്നും അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ധർമശാസ്ത്രമാണെന്നും മദ്രാസ് ഹൈകോടതി. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരം രജിസ്ട്രേഷൻ നിരസിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരെ 'ആർഷ വിദ്യാ പരമ്പര ട്രസ്റ്റ്' നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ഈ നിരീക്ഷണം. ഭഗവത്ഗീതയും വേദാന്തവും നമ്മുടെ പൂർവികർ വികസിപ്പിച്ചെടുത്ത ശുദ്ധമായ തത്വചിന്തയെയാണ് പ്രതിനിധീകരിക്കുന്നതെന്നും യോഗയെ മതത്തിന്റെ കണ്ണിലൂടെ കാണുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

മതപരമായ സംഘടനയാണെന്നും മുൻകൂർ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ച് കൈമാറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് 2021-ൽ നൽകിയ അപേക്ഷ അധികൃതർ നിരസിച്ചത്. എന്നാൽ, അപേക്ഷകരെ ഒരു മതസംഘടനയായി മുദ്രകുത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. 2021-ലെ അപേക്ഷയിൽ മൂന്ന് വർഷത്തിന് ശേഷം 2024-ൽ മാത്രം തീരുമാനമെടുത്ത നടപടിയെ കോടതി വിമർശിച്ചു. ഭരണകൂടം നീതിപൂർവം പെരുമാറണമെന്നത് നല്ല ഭരണത്തിന്റെ പ്രാഥമിക തത്വമാണെന്നും ഈ കേസിൽ സ്വാഭാവിക നീതി ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രസ്റ്റിന്റെ രജിസ്ട്രേഷൻ അപേക്ഷയിൽ നിയമപ്രകാരം എത്രയും വേഗം തീരുമാനമെടുക്കാൻ കോടതി അധികൃതർക്ക് നിർദേശം നൽകി.

article-image

xcvxv

You might also like

  • Straight Forward

Most Viewed