ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം

ന്യൂഡൽഹി: രൂക്ഷമായ വായു മലിനീകരണത്തിൽ ഡൽഹി നഗരം. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 533ൽ എത്തി. ദീപാവലി ആഘോഷങ്ങൾക്കുശേഷമാണ് സ്ഥിതി കൂടുതൽ മോശമായത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസതടസം നേരിട്ടു. മൂടൽ മഞ്ഞിന് സമാനമായ പുകമഞ്ഞാണ് ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നത്. നിലവിലെ സാഹചര്യം അടുത്ത രണ്ടുമാസം കൂടി സമാനമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനൽകുന്നു. എത്രയും വേഗം വായു മലിനീകരണം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ ഗുരുതരമായി ജനജീവിതത്തെ ബാധിക്കുമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങൾക്കിടയിൽ ഡൽഹിയിൽ പലയിടത്തും സർക്കാർ നിർദേശങ്ങൾ മറികടന്നാണ് പടക്കങ്ങൾ പൊട്ടിച്ചത്. കഴിഞ്ഞ നാല് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാര സൂചിക ഉയർന്നുതന്നെയാണ്. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും സ്ഥിതി മോശമാണ്.