മധ്യപ്രദേശിൽ ക്ഷേത്രത്തിലെ പൂജാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ ക്ഷേത്രത്തിലെ പൂജാരിയെ ഒരു സംഘമാളുകൾ മർദിച്ച് കൊലപ്പെടുത്തി. ധർ ജില്ലയിലെ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി അരുൺദാസ് ആണ് വടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ക്ഷേത്രത്തിന് ചുറ്റും കറങ്ങി നടന്ന യുവാക്കളെ അരുൺദാസ് തടഞ്ഞിരുന്നു. ഇതേചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ഇവർ കല്ലെറിഞ്ഞും വടികൊണ്ട് അടിച്ചും അരുൺദാസിനെ ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ അരുണ്‍ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ആക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.