ഡൽഹിയിൽ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു, മിച്ചമുള്ളത് മറ്റ് സംസ്ഥാനങ്ങൾക്ക് നൽകും

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ നേരിടുന്ന ഡൽഹിയിൽ രോഗികൾ കുറയുന്നുവെന്നും അതിനാൽ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്നും സർക്കാർ. മിച്ചമുള്ളത് ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് നൽകുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
കോവിഡ് വ്യാപനം കൂടിയതോടെ ഡൽഹിയിൽ ലോക്ഡൗൺ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങി. പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞു. രോഗബാധിതർ കുറഞ്ഞതോടെ ഓക്‌സിജന്റെ ആവശ്യകതയും കുറഞ്ഞു. മിച്ചമുള്ള ഓക്‌സിജൻ മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും മനീഷ് സിസോദിയ പറഞ്ഞു. പ്രതിദിനം 582 ടൺ ഓക്‌സിജൻ ആണ് ആവശ്യം. മിച്ചമുള്ളത് ഓക്‌സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തിൽ പ്രതിദിന രോഗികളുടെ എണ്ണ 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് ആഴ്ചകൾക്ക് മുന്‍പ് ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്നലെ 10,400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കണക്കുകളെക്കാൾ 21 ശതമാനം കുറവ്. പോസിറ്റിവിറ്റി നിരക്കും 14 ശതമാനമായി കുറഞ്ഞെന്ന് സിസോദിയ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ദുരിതത്തിലായ തങ്ങളെ സഹായിച്ചതിന് കേന്ദ്രത്തിനും, ഡൽഹി ഹൈക്കോടതിക്കും അദ്ദേഹം നന്ദി പറഞ്ഞു.