സിദ്ദിഖ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശ് സർക്കാറിന്‍റെ എതിർപ്പ് തള്ളിയാണ് സുപ്രീംകോടതി നിർദേശം നൽകിയത്. കാപ്പനെ ഡൽഹി എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. യുപി സർക്കാർ സമർപ്പിച്ച കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ടിൽ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്നമുള്ളതായി വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ ഇതിനെ സോളിസിറ്റർ ജനറൽ എതിർത്തു. സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നും ഹത്രാസിലേക്ക് അദ്ദേഹം പോയത് സംഘർഷമുണ്ടാക്കാനാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. എന്നാൽ പോപ്പുലർ ഫ്രണ്ട് നിരോധിത സംഘടനയാണോ എന്നാണ് ഇതിന് മറുപടിയായി കോടതി ചോദിച്ചത്. കാപ്പന് ആവശ്യമായ ചികിത്സ മഥുരയിൽ ഉറപ്പാക്കാമെന്നും ഡൽഹിയിലേക്ക് മാറ്റേണ്ടതില്ലെന്നും സോളിസിറ്റർ ജനറൽ മറുപടിയായി വാദിച്ചു. എന്നാൽ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോകാമെന്നും ഇപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റാമെന്നും കോടതി നിർദേശിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed