പശ്ചിമേഷ്യയിൽ വ്യോമഗതാഗതം പ്രതിസന്ധിയിൽ തന്നെ; സർവീസുകൾ വ്യാപകമായി റദ്ദാക്കി അന്താരാഷ്ട്ര വിമാനകമ്പനികൾ
ശാരിക I അന്താരാഷ്ട്രം
മനാമ: ഇറാനുമായുള്ള യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ വ്യോമഗതാഗത മേഖല കനത്ത പ്രതിസന്ധി നേരിടുന്നത് തുടരുന്നു. സുരക്ഷാ ഭീഷണികളും വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം ആഗോള വിമാനക്കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രാ പദ്ധതികൾ താറുമാറായിരിക്കുന്നത്.
പ്രധാന അന്താരാഷ്ട്ര കമ്പനികളെല്ലാം സർവീസുകൾ നിർത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്. ലുഫ്താൻസ ഗ്രൂപ്പ് മെയ് 31 വരെ പശ്ചിമേഷ്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. എയർ ഫ്രാൻസ്-കെഎൽഎം ഗ്രൂപ്പ് ദുബായ്, റിയാദ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് മാസം വരെ നിർത്തിവെച്ചു. ബ്രിട്ടീഷ് എയർവേയ്‌സ്, കാഥേ പസഫിക്, ഡെൽറ്റ എയർ ലൈൻസ് തുടങ്ങിയ കമ്പനികളും മെയ് അവസാനം വരെയോ അതിന് ശേഷമോ മാത്രമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ പ്രമുഖ കമ്പനികളായ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തർ എയർവേയ്‌സ് എന്നിവ പരിമിതമായ സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്.
ഫ്ലൈ നാസ്, വിസ് എയർ തുടങ്ങിയ ബജറ്റ് എയർലൈനുകളും തങ്ങളുടെ സർവീസുകൾ ദീർഘകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഗൾഫ് റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പല കമ്പനികളും തങ്ങളുടെ വിമാനങ്ങൾ ലണ്ടൻ, പാരിസ്, സിംഗപ്പൂർ തുടങ്ങിയ യൂറോപ്യൻ-ഏഷ്യൻ നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ അനിശ്ചിതത്വം തുടരുന്നതിനാൽ വ്യോമഗതാഗതം എപ്പോൾ സാധാരണ നിലയിലാകുമെന്ന് പ്രവചിക്കാനാവില്ലെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
adsadsadss



