പത്മ പുരസ്കാരങ്ങൾ നേടിയവരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ നേടിയവരെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. രാജ്യത്തിനും മനുഷ്യകുലത്തിനും ഇവർ നൽകിയ സംഭാവനകൾ വിലപ്പെട്ടതായിട്ടാണ് രാജ്യം കരുതുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. വ്യത്യസ്ത ജീവിത വഴികളിൽ വേറിട്ട് നടന്ന ഈ വ്യക്തിത്വങ്ങൾ മറ്റുളളവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുളളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏഴ് പേർക്കാണ് രാജ്യം പത്മ വിഭൂഷൺ പ്രഖ്യാപിച്ചത്. മലയാളി ഗായിക കെ.എസ്. ചിത്ര അടക്കം 10 പേർക്ക് പത്മഭൂഷൺ നൽകും. കൈതപ്രം ദാമോദരൻ നന്പൂതിരി ഉൾപ്പെടെ 102 പേർക്കാണ് ഇക്കുറി പത്മശ്രീ നൽകുക. പുരസ്കാരം ലഭിച്ചവരുടെ പൂർണമായ പട്ടികയും ട്വിറ്റർ സന്ദേശത്തിനൊപ്പം പ്രധാനമന്ത്രി ഉൾപ്പെടുത്തിയിട്ടുണ്ട്.