രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു: കേരളത്തിൽ പെട്രോൾ വില സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോൾ വിലയും സർവകാല റെക്കോർഡിലെത്തി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ ഇതോടെ പെട്രോളിന് ലിറ്ററിന് 86 രൂപ 32 പൈസയായി. 2018 ഒക്ടോബറിലെ 85 രൂപ 99 പൈസയെന്ന സർവകാല റെക്കോർഡാണ് ഇന്ന് മറികടന്നത്.
തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില ലിറ്ററിന് 88 രൂപ 06 പൈസയും ഗ്രാമമേഖലയിൽ 89 രൂപ 50 പൈസയുമാണ്. ഡീസലിന് ഇന്ന് കൂടിയത് 37 പൈസ കൂടി. ഇതോടെ കൊച്ചിയിൽ ഡീസൽ വില 80 രൂപ 51 പൈസയായി. തിരുവനന്തപുരത്ത് ഡീസലിന് വില 82 രൂപ 14 പൈസയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കന്പനികൾ വില വർധിപ്പിക്കുന്നതാണ് ഇന്ധനവില വർദ്ധനവിന് കാരണമാവുന്നത്.