കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ലം​ഭാ​വം പാ​ടി​ല്ല; വാ​ക്സി​ൻ ല​ഭ്യ​ത വേ​ഗ​ത്തി​ലാ​ക്ക​ണമെന്ന് പ്ര​ധാ​ന​മ​ന്ത്രി


ന്യൂഡൽ‍ഹി: കോവിഡ് പ്രതിരോധത്തിൽ‍ അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്‌സിന്‍റെ ലഭ്യത വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ‍ കുറവുണ്ടായതിന്‍റെ പേരിൽ‍ ഒരു വിധത്തിലുള്ള അലംഭാവവും ഉണ്ടാകരുതെന്നു മോദി നിർ‍ദേശിച്ചു.  ഡൽ‍ഹിയിൽ‍ ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർ‍ഷവർദ്‍ധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, നീതി ആയോഗ് ആരോഗ്യ അംഗം ഡോ. വി.കെ പോൾ‍, മുതിർ‍ന്ന ഉദ്യോഗസ്ഥർ‍ തുടങ്ങിയവർ‍ അവലോകനത്തിൽ‍ പങ്കെടുത്തു.  ലോകമെങ്ങും പ്രതിരോധ വാക്‌സിൻ വേഗം നൽ‍കാനാകണം ഇന്ത്യയുടെ ലക്ഷ്യമെന്നു മോദി പറഞ്ഞു. ഇന്ത്യയിൽ‍ മൂന്നു വാക്‌സിനുകൾ‍ അന്തിമ ഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നതർ‍ യോഗത്തിൽ‍ അറിയിച്ചു. 

മൂന്നാം ഘട്ടത്തിലുള്ള ഒരു വാക്‌സിൻ അടുത്ത മാർ‍ച്ചോടെ ജനങ്ങൾ‍ക്കു നൽ‍കാനാകും. മറ്റ് രണ്ട് വാക്‌സിനുകൾ‍ രണ്ടാം ഘട്ടത്തിലാണ്. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ‍, മൗറീഷ്യസ്, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ ഗവേഷണ സംവിധാനം ശക്തിപ്പെടുത്താനും ഇന്ത്യ സഹകരിക്കുന്നുണ്ട്.  കോവിഡ് മൂലം ഇന്ത്യയിൽ‍ 1.13 ലക്ഷം പേർ‍ മരിച്ചതു വലിയ തിരിച്ചടിയാണെങ്കിലും രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതിന്‍റെ പേരിൽ‍ തടിതപ്പാനായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ ശ്രമം. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം ഒന്നര മാസത്തിനു ശേഷം ആദ്യമായി എട്ടു ലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ മാസം ഒന്നിന് 7,85,996 ആയിരുന്നതു പിന്നീട് ക്രമേണ കൂടിയ ശേഷമാണു വീണ്ടും കുറഞ്ഞത്. രോഗമുക്തി നേടിയവർ‍ 65 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 87.78 ശതമാനമായാണു ഉയർ‍ന്നത്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കേരളം, കർ‍ണാടക, രാജസ്ഥാൻ, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാൾ‍ എന്നീ സംസ്ഥാനങ്ങളിലേക്കാണു പ്രത്യേക ഉന്നതതല സംഘത്തെ അയച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

Most Viewed