‘ട്രംപ് ഭക്തൻ’ ബു​സാ കൃ​ഷ്ണ കുഴഞ്ഞു വീണു മരിച്ചു


ഹൈദരാബാദ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനു ക്ഷേത്രം പണിതു പൂജ നടത്തിയിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. തെലങ്കാന സ്വദേശിയായ ബുസാ കൃഷ്ണ (38) യാണു മരിച്ചത്. ഹൃദയാഘാതമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ റിപ്പോർട്ട്.  നാലു വർഷം മുന്പു ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. വീടിനു സമീപം ട്രംപിന്‍റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ചു പൂജ തുടങ്ങിയതോടെ ഇയാൾ ദേശീയ തലത്തിൽ ശ്രദ്ധേയനായി. ട്രംപ് കൃഷ്ണ എന്നാണ് ഇയാളെ നാട്ടുകാർ വിളിച്ചിരുന്നത്.  ട്രംപിന്‍റെ ഫോട്ടോകൾ തന്‍റെ വീട്ടിലെ ചുവരുകളിൽ കൃഷ്ണ പതിച്ചിരുന്നു. ട്രംപിന്‍റെ ചിത്രങ്ങൾ പതിച്ച ടിഷർട്ടുകൾ ധരിക്കാനും തുടങ്ങി. എവിടെ പോയാലും ട്രംപിന്‍റെ ഫ്രെയിം ചെയ്ത ഫോട്ടോയും 33−കാരനായ കൃഷ്ണ ഒപ്പം കരുതി. കഴിഞ്ഞ വർഷം കൃഷ്ണ രണ്ടു ലക്ഷം രൂപ ചെലവഴിച്ചു ട്രംപിന്‍റെ ആറടി ഉയരമുള്ള പ്രതിമ തന്‍റെ വീട്ടിൽ സ്ഥാപിക്കുകയും ചെയ്തു.  

ജംഗാവ് ജില്ലയിലെ കൊന്നെ ഗ്രാമത്തിലാണു കൃഷ്ണയുടെ വീട്. കുറച്ചു വർഷങ്ങൾക്കു മുന്പു കൃഷ്ണയുടെ മാതാപിതാക്കൾ മേഡക് ജില്ലയിലെ തൂപ്രാനിലേക്ക് മാറിയെങ്കിലും അദ്ദേഹം കോന്നെ ഗ്രാമത്തിൽ തുടരുകയായിരുന്നു.  യുഎസ് പ്രസിഡന്‍റും പ്രഥമവനിത മെലാനിയയും അടുത്തിടെ കോവിഡ് 19 ബാധിതരായത് അറിഞ്ഞതു മുതൽ വിഷാദത്തിലായിരുന്നു ബുസ കൃഷ്ണ. ട്രംപ് കുടുംബത്തിനു സുഖം പ്രാപിക്കണമെന്ന് ആശംസിച്ചുകൊണ്ട് കൃഷ്ണ അടുത്തിടെ അദ്ദേഹത്തിന്‍റെ ഒന്നിലധികം വീഡിയോകൾ തന്‍റെ ഫേസ്ബുക്ക് പേജിൽ വേഗത്തിൽ പങ്കുവച്ചിരുന്നു. എന്നെങ്കിലും ട്രംപിനെ നേരിൽ കാണാനാവുമെന്ന് പ്രതീക്ഷയിലായിരുന്നു കൃഷ്ണ കഴിഞ്ഞിരുന്നത്. എന്നാൽ ആ പ്രതീക്ഷ പൂർത്തികരിക്കാനാവാതെയാണ് അദ്ദേഹം മരിച്ചതെന്നു ഗ്രാമമുഖ്യൻ പറഞ്ഞു.

You might also like

Most Viewed