റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകളെ കരിന്പട്ടികയിൽ‍ പെടുത്തിയതായി ബജാജ്


ന്യൂഡൽഹി: തങ്ങൾ മൂന്ന് ടാനലുകളെ കരിന്പട്ടികയിൽ പെടുത്തിയതായി ബജാജ് മാനേജിംഗ് ഡയറക്ടർ‍ രാജീവ് ബജാജ്. അർ‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ഉൾ‍പ്പെടെ മൂന്ന് ടെലിവിഷൻ ചാനലുകൾ‍ ടിആർ‍പി റേറ്റിംഗിൽ‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജീവ് ബജാജ് നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിൽ‍ വിഷം വമിപ്പിക്കുന്ന ചാനലുകൾ‍ക്ക് പരസ്യം നൽ‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“സുദൃഢമായ ബ്രാൻ‍ഡ് ഉണ്ടാക്കിയെടുത്ത് അതിന്മേലാണ് ബിസിനസ് പടുത്തുയർ‍ത്തുന്നത്. ബിസിനസിൽ‍ ബ്രാൻ‍ഡ് (വാണിജ്യ മുദ്ര) വളർ‍ത്തിയെടുക്കൽ‍ പ്രധാനമാണ്. എന്നാൽ‍ വ്യവസായം വളർ‍ത്തുക എന്നത് മാത്രമാകരുത് ബിസിനസ് സ്ഥാപനങ്ങളുടെ ലക്ഷ്യം. സമൂഹത്തിന്‍റെ നന്മയും പ്രധാനമാണ്”− റിപ്പബ്ലിക് ടിവി ഉൾ‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആർ‍പി തട്ടിപ്പിനെ കുറിച്ച് ഒരു പ്രമുഖ ചാനലിനോട് സംസാരിക്കുകയായിരുന്നു രാജീവ് ബജാജ്.

“ബജാജിൽ‌ മൂന്ന് ചാനലുകളെ ഞങ്ങൾ‍ കരിന്പട്ടികയിൽ‍ പെടുത്തിയിട്ടുണ്ട്. കുറച്ച് മുന്‍പ് ഞാൻ എന്റെ മാർക്കറ്റിംഗ് മേധാവിയെ വിളിച്ചപ്പോൾ ആശ്ചര്യപ്പെട്ടു. എന്റെ സഹപ്രവർത്തകൻ പറഞ്ഞത് ഒന്‍പത് മാസം മുന്പേ ഇത് ചെയ്തെന്നാണ്”.

ടെലിവിഷൻ‍ റേറ്റിംഗിൽ‍ കൃത്രിമം കാണിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ‍ റിപ്പബ്ലിക്ക് ടി.വി എഡിറ്റർ‍ ഇൻ ചീഫ് അർ‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാൻ‍ മുംബൈ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ടി.വിയെ കൂടാതെ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ രണ്ട് മറാത്തി ചാനലുകൾ‍ക്കെതിരെയാണ് ആരോപണം. സംഭവത്തിൽ‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കോടതിയിൽ‍ ഹാജരാക്കി കസ്റ്റഡിയിൽ‍ വാങ്ങിയതായും പൊലീസ് അറിയിച്ചു. ഒരാളുടെ കൈയിൽ‍ നിന്നും 20 ലക്ഷം രൂപയും ബാങ്ക് ലോക്കറിൽ‍ നിന്നും 8.5 ലക്ഷം രൂപയും കണ്ടെത്തിയെന്നും മുംബൈ പൊലീസ് കമ്മീഷണർ‍ പറഞ്ഞു.

ടെലിവിഷൻ‍ റേറ്റിംഗിനായി ബാർ‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർ‍ച്ച് കൗൺസിൽ‍) തിരഞ്ഞെടുത്ത വീടുകളിൽ‍ സ്ഥാപിച്ച അതീവ രഹസ്യമായ ബാർ‍കോ മീറ്ററുകളിൽ‍ ചാനലുകൾ‍ കൃത്രിമം കാണിച്ചെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ‍. വീട്ടുടമസ്ഥരെ കണ്ട് പണം വാഗ്ദാനം ചെയ്ത് ചില പ്രത്യേക ചാനലുകൾ‍ മാത്രം എല്ലായ്‍പ്പോഴും വീട്ടിൽ‍ വെയ്ക്കാൻ ആവശ്യപ്പെട്ടതായി കണ്ടെത്തി. ഉടമകൾ‍ വീട്ടിലില്ലാത്ത സമയത്ത് വരെ ഈ ചാനലുകൾ‍ വെയ്ക്കാൻ‍ ആവശ്യപ്പെട്ടു. ഇവർ‍ക്ക് 400 മുതൽ‍ 500 രൂപ വരെയാണ് മാസം പ്രതിഫലം നൽ‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ബാർ‍ക്ക് അധികൃതരെ വിളിപ്പിക്കുമെന്ന് കമ്മീഷണർ‍ പറഞ്ഞു. റിപ്പബ്ലിക് ടി.വിയെ കുറിച്ച് സംശയമുണ്ടെന്ന് ബാർ‍ക് അറിയിച്ചിരുന്നു. സംഭവം വാർ‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽ‍ പെടുത്തിയെന്നും പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed