യുവജനങ്ങളുടെ അഭിലാഷങ്ങൾ കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ 21 ാം നൂറ്റാണ്ടിലെ യുവജനങ്ങളുടെ അഭിലാഷങ്ങൾ കണക്കിലെടുത്താണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ട് അറവിന്‍റെ കാലമാണ്. പഠനം, ഗവേഷണം എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഇത് തന്നെയാണ് ചെയ്യുന്നത്− പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിലാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സന്പ്രദായം ഏറ്റവും നൂതനവും ആധുനികവുമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്കൂൾ ബാഗിന്‍റെ ഭാരത്തിൽനിന്നും മോചിപ്പിക്കുന്ന, ജീവിതത്തെ സഹായിക്കുന്ന പഠനം എന്ന നിലയിൽ, കേവലം മനഃപാഠമാക്കുന്നതിൽനിന്ന് വിമർശനാത്മക ചിന്തയിലേക്ക് ഇതൊക്കെയാണ് പുതിയ വിദ്യാഭ്യാസ നയം പ്രതിഫലിപ്പിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ നയത്തിൽ വരുത്തിയ മാറ്റങ്ങൾ മൂലം ഇന്ത്യയിലെ ഭാഷകൾ പുരോഗമിക്കുകയും വികസിക്കുകയും ചെയ്യും. ഇത് അറിവ് വർദ്ധിപ്പിക്കുക മാത്രമല്ല ഇന്ത്യയുടെ ഐക്യം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.