ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വിഷം വാതകം ശ്വസിച്ച് മൂന്ന് പേർ മരിച്ചു
ചെന്നൈ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തമിഴ് മാധ്യമ പ്രവർത്തകനും ഭാര്യയും അമ്മയും അടക്കം മൂന്ന് പേർ മരിച്ചു. ചെന്നൈ താംബരം സേലയൂരിൽ വീട്ടിൽവച്ചാണ് സംഭവമുണ്ടായത്. സ്വകാര്യ ചാനലിലെ റിപ്പോർട്ടർ പ്രസന്ന (36) ഭാര്യ അർച്ചന (30) അമ്മ രേവതി (59) എന്നിവരുമാണ് മരിച്ചത്. വൈദ്യുതി വ്യതിയാനത്തെ തുടർന്ന് കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ജോലിക്കാരി വിളിച്ചിട്ടും കതക് തുറക്കാതെ വന്നതിനെത്തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും അഗ്നിശമന സേനയും എത്തി നടത്തിയ പരിശോധനയിലാണ് മൂവരും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് കരുതുന്നത്. ഫ്രിഡ്ജിൽ നിന്നുള്ള വിഷ വാതകവും പ്ലാസ്റ്റിക്ക് കത്തി നശിച്ചതിന്റെ വിഷപ്പുകയും ശ്വസിച്ചതാവും മരണകാരണമെന്നും പോലീസ് പറഞ്ഞു. എസി ഉപയോഗിക്കുന്നതിന് വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ വാതകം അകത്ത് തന്നെ തങ്ങിനിൽക്കുകയുമായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതാകുമെന്നു പോലീസ് വിലയിരുത്തൽ. അപകടത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

