കോഴിക്കറിയെച്ചൊല്ലി തർക്കം: സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
ശാരിക
ബംഗ്ളൂരു : കർണാടകയിലെ ബെലഗാവിയിൽ കോഴിക്കറിയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ സീതാറാം ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒപ്പം ജോലി ചെയ്യുന്നയാളുമായ അരുൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെലഗാവിയിലെ സ്റ്റീൽ കമ്പനി ജീവനക്കാരായ ഇരുവരും താമസസ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് സംഭവം. മദ്യപാനത്തിനിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ കഴിച്ചതിനെച്ചൊല്ലി സീതാറാമും അരുൺ കുമാറും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ അരുൺ കുമാർ കത്തിയെടുത്ത് സീതാറാമിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീതാറാം സംഭവസ്ഥലത്തുതന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം സീതാറാമിനെ ആശുപത്രിയിലെത്തിച്ച പ്രതി, കെട്ടിടത്തിൽ നിന്ന് വീണാണ് പരിക്കേറ്റതെന്ന് ഡോക്ടർമാരോട് പറഞ്ഞു. എന്നാൽ പരിക്കിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അരുൺ കുമാർ കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തതായും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
aa

