മോദിയെ അഭിനന്ദിച്ച് ട്രംപ്; ഒസാക്കയില്‍ നിര്‍ണായക കൂടിക്കാഴ്ച
ഒസാക്ക: ഭീകരവാദം മാനവീകതയോടുള്ള വെല്ലുവിളിയെന്ന് ജി − 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തിന് കൈകോര്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ട്. കാലാവസ്ഥാ വ്യതിയാനം പ്രധാന പ്രശ്‌നമെന്നും പ്രധാനമന്ത്രി.
നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും തമ്മില്‍ അനൗപചാരിക കൂടിക്കാഴ്ച നടത്തി. പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും വിജയിച്ച പ്രധാനമന്ത്രിയെ ട്രംപ് അഭിനന്ദിച്ചു. ജപ്പാനിലെ ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.കൂടിക്കാഴ്ചയിൽ വ്യാപാര, സൈനിക സഹകരണം മുഖ്യ ചർച്ചയായി. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുള്ള അധിക ഇറക്കുമതിത്തീരുവ എടുത്തുകളയണമെന്ന ആശ്യം അമേരിക്ക ചർച്ചയിൽ ഉന്നയിക്കും.
കഴിഞ്ഞ ദിവസം ട്രംപ് തന്‍റെ ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ‘വർഷങ്ങളായി യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതിത്തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അതു വീണ്ടും വർധിപ്പിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ നടപടി തീർച്ചയായും പിൻവലിക്കണം. മോദിയുമായി ഇക്കാര്യം ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ വ്യാപാര മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് ചർച്ചയിൽ ഇന്ത്യ ഉന്നയിക്കുക. മുൻഗണനാപട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് മോദി ആവശ്യപ്പെടും. ഇന്ത്യൻ സമയം രാവിലെ ആറോടെയാണ് മോദി−ട്രംപ് കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചയിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയും പങ്കെടുത്തു. ഇതിനു ശേഷമാണ് ട്രംപും മോദിയും കൂടിക്കാഴ്ച നടത്തിയത്.

