കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി, മൂന്നു കുട്ടികൾ മരിച്ചു; ഡ്രൈവറെ ജനക്കൂട്ടം മർദ്ദിച്ചുകൊന്നു
പട്ന: അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കയറി മൂന്നു കുട്ടികൾ മരിച്ചു. പട്നയിലെ കുഹ്‌റാർ പ്രദേശത്ത് നടപ്പാതയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിനു പിന്നാലെ കാർ ഡ്രൈവറെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നു. രാത്രി 1.15 ന് സൗരവ് ഗാംഗുലി എന്നയാളാണ് കാർ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന മനീഷ് കുമാറിനും മർദ്ദനമേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്.
ഹലേന്ദ്ര മാഞ്ചി (9), രോഹിത് മാഞ്ചി (13), രാജു മാഞ്ചി (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി മനീഷ് മാഞ്ചി(10)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗരവ് ഗാംഗുലി നവാഡയിലാണ് താമസിക്കുന്നത്. ബിരുദ പരീക്ഷ എഴുതാനായി ഫത്തുവയിലേക്ക് പോവുകയായിരുന്നു ഗാംഗുലി. രാത്രി 1.15 ന് അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കയറുകയായിരുന്നു. തുടർന്ന് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പട്ന സിറ്റി അഡീഷണൽ എസ്.പി ബാലിറാം ചൗധരി പറഞ്ഞു.

