രാജ്യം വിടുന്ന തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടും
ന്യൂഡൽഹി: രാജ്യത്തു നിന്ന് സാന്പത്തിക കുറ്റകൃത്യങ്ങൾ നടത്തി കടന്നുകളയുന്നവരുടെ ആസ്തികൾ കണ്ടുകെട്ടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളിൽ സാന്പത്തിക തട്ടിപ്പ് നടത്തുന്നവർക്ക് മേലെ ഈ നിയമം ചുമത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം സർക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാൽ വിദേശത്തെ സ്വത്തുവകകൾ കണ്ടുകെട്ടണമെങ്കിൽ ആ രാജ്യത്തിന്റെ സഹകരണവും വേണം.
പുതിയ നിയമത്തിൽ പ്രതികൾക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെതിരെ ഹർജി നൽകാനും നിയമത്തിൽ അവസരം നൽകുന്നുണ്ട്. വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വൻകിട സാന്പത്തിക തട്ടിപ്പുകാർ രാജ്യം വിട്ടതിനെ തുടർന്നാണ് കേന്ദ്രം പുതിയ നിയമവുമായി രംഗത്ത് വരുന്നത്.
രാജ്യം വിട്ട കുറ്റവാളികളെ തിരികെ എത്തിക്കുന്ന നടപടിക്കൾവളരെയധികം കാലതാമസമെടുക്കുമെന്ന കാരണത്താലാണ് പുതിയ നിയമം കേന്ദ്രം കൊണ്ടുവരുന്നത്. കൂടാതെ ദേശീയ സാന്പത്തിക റിപ്പോർട്ടിംഗ അതോറിറ്റിയുടെ (എൻ.എഫ്.ആർ.എ) രൂപീകരണത്തിനും മന്ത്രിസഭ അനുമതി നൽകിയതായി ജെയ്റ്റ്ലി പറഞ്ഞു. എൻ.എഫ്.ആർ.എ സ്വതന്ത്ര ഓഡിറ്റിംഗ് അതോറിറ്റിയായിരിക്കുമെന്നും ചാർട്ടേഡ് അക്കൗണ്ടന്റുമാരും അവരുടെ സ്ഥാപനങ്ങളും എൻ.എഫ്.ആർ.എയുടെ അധികാര പരിധിയിൽ വരുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

