'പ്രണയം നടിച്ച് വഞ്ചിച്ചു': വനിതാ പൊലീസുകാരിൽ നിന്ന് 24 ലക്ഷം തട്ടിയ 'റൊമാന്റിക് തട്ടിപ്പുകാരൻ' പിടിയിൽ


ഷീബ വിജയൻ


ന്യൂഡൽഹി: ഉയർന്ന നിക്ഷേപ ലാഭം വാഗ്ദാനം ചെയ്ത് വനിതാ പൊലീസുകാരെ തട്ടിപ്പിനിരയാക്കിയ കേസിൽ 23കാരൻ അറസ്റ്റിലായി. ആഡംബര ജീവിതം നയിക്കുന്ന ബിസിനസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വസ്തത നേടിയ ശേഷമായിരുന്നു പണം തട്ടിയത്. ഡൽഹി ബുറാരി സ്വദേശിയായ വിക്രാന്ത് തോമറിനെയാണ് പൊലീസ് പിടികൂടിയത്. സമാന രീതിയിൽ കൂടുതൽ വനിതാ കോൺസ്റ്റബിൾമാർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

കരോൾ ബാഗ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശിവാനി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഇവരിൽ നിന്ന് മാത്രം 24 ലക്ഷത്തോളം രൂപ ഇയാൾ കവർന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിക്രാന്ത്, ഡൽഹി പൊലീസിലെ സ്പോർട്സ് ക്വാട്ട നിയമനവുമായി ബന്ധപ്പെട്ട് ഉപദേശം ചോദിച്ചാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വാട്സ്ആപ്പിലൂടെ ചാറ്റിംഗ് തുടരുകയും വലിയ ക്രിക്കറ്റ് താരമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയുമായിരുന്നു. തുടർന്ന് തട്ടിപ്പുകാരന്റെ വാഗ്ദാനം വിശ്വസിച്ച് സ്വന്തം സമ്പാദ്യവും 12 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയും ബന്ധുക്കളിൽ നിന്നുള്ള കടവും ഉൾപ്പെടെ യുവതി കൈമാറി. ഇതിൽ എട്ട് ലക്ഷത്തോളം രൂപ വാതുവെപ്പ് ആപ്പുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. നേരിട്ട് കണ്ടപ്പോൾ അതിക്രമത്തിന് മുതിർന്നതായും പരാതിയിലുണ്ട്.

വിലകൂടിയ വാടകക്കാറുകളിൽ വന്ന് ആഡംബര ജീവിതം കാണിച്ചാണ് ഇയാൾ ഇരകളെ വീഴ്ത്തിയിരുന്നത്. ഇയാളുടെ നിലവിലെ പെൺസുഹൃത്ത് ഡൽഹി പൊലീസിലെ തന്നെ ഒരു കോൺസ്റ്റബിളാണ്. ഇവർ വഴി മറ്റ് വനിതാ പൊലീസുകാരുടെ വിവരങ്ങൾ ചോർത്തിയതായും സംശയിക്കുന്നു. ഒരേ ബാച്ചിലെ 20ഓളം വനിതാ പൊലീസുകാർ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിൽ അഞ്ചോളം തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

article-image

fxcvxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed