ഡൽഹിയിൽ ബി.എസ്-6 മാനദണ്ഡങ്ങൾക്ക് താഴെയുള്ള വാഹനങ്ങൾക്ക് നിരോധനം; എൻ.സി.ആറിലെ 10 ലക്ഷത്തോളം വാഹനങ്ങൾക്ക് തിരിച്ചടി
ശാരിക
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം ശക്തമായതിനെ തുടർന്ന് തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി സർക്കാർ. നവംബർ 1 മുതൽ 2027 ജനുവരി 31 വരെ ബി.എസ്-6 (BS6) മാനദണ്ഡങ്ങൾക്ക് താഴെയുള്ള വാഹനങ്ങളുടെ പ്രവേശനം ഡൽഹിയിൽ പൂർണ്ണമായി നിരോധിച്ചു. ഈ നടപടി എൻ.സി.ആർ (NCR) മേഖലകളായ ഗുഡ്ഗാവ്, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 10 ലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള നാല് ലക്ഷത്തോളം വാഹനങ്ങളും ഗാസിയാബാദിലെ നാല് ലക്ഷത്തോളം വാഹനങ്ങളും ഹരിയാന അതിർത്തി മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം വാണിജ്യ വാഹനങ്ങളും ബി.എസ്-6 മാനദണ്ഡങ്ങൾക്ക് താഴെയുള്ളവയാണ്. ഇവയിൽ ഭൂരിഭാഗവും ബി.എസ്-4 പെട്രോൾ കാറുകളാണ്. അതേസമയം, ഇലക്ട്രിക് (EV), സി.എൻ.ജി (CNG) വാഹനങ്ങൾക്ക് ഈ നിരോധനത്തിൽ നിന്ന് പൂർണ്ണ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഡൽഹിയുടെ ശൈത്യകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി അതിർത്തികളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ സ്ഥാപിച്ചും പരിശോധന ഉദ്യോഗസ്ഥരെ നിയോഗിച്ചും നിരോധനം കർശനമായി നടപ്പിലാക്കാനാണ് തീരുമാനം. 2000-ൽ 'ഇന്ത്യ 2000' എന്ന പേരിൽ തുടങ്ങിയ മലിനീകരണ നിയന്ത്രണ ചട്ടക്കൂടുകളിൽ നിന്ന് ബി.എസ്-4 ലൂടെ നേരിട്ട് ബി.എസ്-6 മാനദണ്ഡങ്ങളിലേക്ക് രാജ്യം മാറുകയായിരുന്നു. അതിർത്തി കടന്നുള്ള മലിനീകരണം കുറയ്ക്കാനും വായു ഗുണനിലവാരം ഉയർത്താനും പുതിയ നിയന്ത്രണം സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
േ്ിേ്ി

