3,000 വനിതാ ആരാധകരെ നേരിട്ടുകാണാൻ നടൻ ധനുഷ്; 'ഓപ്പറേഷൻ ഡി' ആരോപണവുമായി കോൺഗ്രസ്
ഷീബ വിജയൻ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നടൻ ധനുഷ് തന്റെ ഫാൻസ് ക്ലബിലെ 3,000-ത്തിലധികം വനിതാ ഭാരവാഹികളുമായും വളണ്ടിയർമാരുമായും ഞായറാഴ്ച നിർണായക കൂടിക്കാഴ്ച നടത്തുന്നു. ധനുഷ് ഫാൻസ് ക്ലബിന്റെ പേര് 'ധനുഷ് നർപ്പണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്ന് അടുത്തിടെ പുനർനാമകരണം ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ചെന്നൈ പ്രാന്തപ്രദേശത്തെ പ്രമുഖ എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടക്കുന്ന പരിപാടിക്കായി നടന്റെ ഭീമൻ പോസ്റ്ററുകളും ബാനറുകളും ഉയർന്നു കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഒക്ടോബർ 14-ന് കോയമ്പത്തൂരിൽ ചേർന്ന യോഗത്തിലാണ് സംഘടനയുടെ പേരുമാറ്റവും, കൈകൂപ്പി നിൽക്കുന്ന ധനുഷിന്റെ ചിത്രവും ചുവന്ന നക്ഷത്രവും അടങ്ങിയ പുതിയ ലോഗോയും അവതരിപ്പിച്ചത്.
അതേസമയം, ധനുഷിന്റെ നീക്കങ്ങൾക്ക് പിന്നിൽ ബി.ജെ.പി ആണെന്ന ആരോപണവുമായി തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ എം.പി രംഗത്തെത്തി. തമിഴ്‌നാട്ടിൽ ബി.ജെ.പി 'ഓപ്പറേഷൻ ഡി' നടപ്പാക്കുകയാണെന്നും, ജനപ്രിയ സിനിമാ താരങ്ങളെ മുന്നിൽ നിർത്തി സ്വന്തം സ്വാധീനം ഉറപ്പിക്കാനാണ് കേന്ദ്ര ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അണ്ണാഡി.എം.കെയെ തകർത്ത ശേഷം രജനീകാന്തിനെ വെച്ചും അണ്ണാമലെയെ മുൻനിർത്തിയും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത് അമിത് ഷായുടെ തന്ത്രങ്ങളുടെ ഭാഗമാണെന്നും, ഇപ്പോൾ പുതിയൊരു മുഖത്തെ തിരയുകയാണെന്നും ടാഗോർ കൂട്ടിച്ചേർത്തു.
efsede

