ഗോരഖ്പുർ ജയിലിലെ 23 തടവുകാർക്ക് എച്ച്.ഐ.വി
ലഖ്നൗ: ഗോരഖ്പുർ ജയിലിലെ 23 തടവുകാർക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ജയിലുകളിൽ ആരോഗ്യപരിശോധന കർശനമാക്കാൻ യു.പി സർക്കാർ ഉത്തരവിട്ടു.
ജയിലിൽ ആരോഗ്യക്യാന്പുകൾ നടത്താനും പദ്ധതിയായിട്ടുണ്ട്. 400 തടവുകാരിൽ പരിശോധന നടത്തിയെന്നും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജയിലധികൃതർ പറഞ്ഞു. 1400 പേരാണ് ഗോരഖ്പുർ ജയിലിൽ ഉള്ളത്. എയ്ഡ്‌സ് ബാധിച്ചത് ഏതു സാഹചര്യത്തിൽ എന്നതുസംബന്ധിച്ച് പറയാനാകില്ലെന്ന് ജയിൽ മേധാവി രമദാനി മിശ്ര വ്യക്തമാക്കി. യു.പി. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
എച്ച്.ഐ.വി. ബാധിതരായ 23 പേരും ബി.ആർ.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്തെ മുഴുവനൻ ജയിലുകളിലും എയ്ഡ്‌സ് പരിശോധനകൾ കാര്യക്ഷമമാക്കുമെന്ന് ജയിൽ ഐ.ജി. പ്രമോദ് കുമാർ മിശ്ര വ്യക്തമാക്കി.
യു.പി.യിലെ ഉന്നാവിൽ ബംഗർമോവ് താലൂക്കിൽ 58 പേർക്ക് എച്ച്.ഐ.വി. ബാധിച്ചത് വൻ വിവാദമായിരുന്നു. വ്യാജഡോക്ടർ ഒരേ സിറിഞ്ചുപയോഗിച്ച് പലരിൽ കുത്തിവെപ്പ് നടത്തിയതാണ് ഇവിടെ വൈറസ് പടരാൻ ഇടയാക്കിയത്.

