നീരവ് രാജ്യത്തുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് അമേരിക്ക
വാഷിംഗ്ടൺ : കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യവിട്ട നീരവ് മോദി അമേരിക്കയിലുണ്ടെന്ന് സ്ഥിരീകരിക്കാതെ അമേരിക്കൻ ഭരണകൂടം. നീരവ് മോദിയുടെ തട്ടിപ്പിനെ സംബന്ധിച്ച് വാർത്തകളും റിപ്പോർട്ടുകളും ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും എന്നാൽ ഇയാൾ അമേരിക്കയിലുണ്ടെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെന്നും അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചു.
ഇന്ത്യയിൽ നിന്ന് നീരവിനെ പിടികൂടുന്നതിൽ ഏതെങ്കിലും തരത്തിൽ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായി എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അമേരിക്കയുടെ നിയമ വകുപ്പിനെ ഇന്ത്യയ്ക്ക് സമീപിക്കാമെന്നും അമേരിക്കൻ വക്താവ് അറിയിച്ചു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11,400 കോടി രൂപ തട്ടിച്ചതിനെ തുടർന്ന് ജനുവരി ആദ്യവാരമാണ് നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ഇന്ത്യയിൽ നിന്ന് കടന്നത്. ഇവർക്കെതിരെ സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഏതാനും ബാങ്ക് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.
മോദിയുടെ 523.72 കോടി വരുന്ന വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച കണ്ടുകെട്ടിയിരുന്നു. മോദിയുടെയും ചോക്സിയുടെയും ഉടമസ്ഥതയിലുള്ള 5,100 കോടി വിലയുള്ള സ്വർണം, വജ്രം, പ്ലാറ്റിനം, വെള്ളി, രത്നങ്ങൾ എന്നിവയും 124 കോടി വിലയുള്ള ഓഹരികളും മ്യൂച്വൽ ഫണ്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

