കാട്ടാനകളെ തടയാൻ ഉരുക്കുവടം വേലി
രാജകുമാരി : കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് തടയുന്നതിനുള്ള ക്രാഷ്ഗാർഡ് റോപ് ഫെൻസിംഗ് സംവിധാനം ജില്ലയിൽ വ്യാപിപ്പിക്കാൻ വനംവകുപ്പ്. രാജ്യത്ത് ആദ്യമായി വനാതിർത്തിയിൽ ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നതു മാങ്കുളത്താണ്. ഉരുക്കുവടം കൊണ്ടുള്ള വേലി എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പദ്ധതി വിജയകരമായാൽ ജില്ലയിലെ ഇതര വനപ്രദേശങ്ങളിലും നടപ്പാക്കാനാണു വനംവകുപ്പിന്റെ നീക്കം. കെനിയയിലുൾപ്പെടെ പരീക്ഷിച്ചു വിജയിച്ച സംവിധാനമാണിത്. വനംവകുപ്പ് മാങ്കുളം ഡിവിഷനിൽ ഇതിന്റെ ആദ്യഘട്ട നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഇരുന്പ് കാലുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. വനാതിർത്തി പങ്കിടുന്ന ആനക്കുളം മുതൽ വലിയപറക്കുട്ടി വരെയുള്ള 1.2 കിലോമീറ്റർ ദൂരത്തിലാണ് പ്രതിരോധ വേലി സ്ഥാപിക്കുന്നത്. മാങ്കുളം ഡിഎഫ്ഒ ബി.എൻ നാഗരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ഇത്തരമൊരു ആശയം പ്രാവർത്തികമാക്കിയത്. 50 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് പാലക്കാട് ഐഐടിയിലെ സാങ്കേതിക വിദഗ്ധരുടെ അനുമതി ലഭിച്ചിരുന്നു.

