ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കൻ കേന്ദ്രസർക്കാർ നീക്കം
ന്യൂഡൽഹി: ഈ വർഷമൊടുവിൽ കാലാവധി പൂർത്തിയാക്കുന്ന സംസ്ഥാന നിയമസഭകൾക്കൊപ്പം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ സജീവപരിഗണനയിൽ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതലയോഗം ഇതിന്റെ വിവിധ വശങ്ങൾ ചർച്ചചെയ്തു. തിരഞ്ഞെടുപ്പുകമ്മിഷന്റെ പ്രതിനിധികളും ഈ അനൗദ്യോഗിക യോഗത്തിൽ പങ്കെടുത്തു. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കമ്മിഷണൻ മുന്നോട്ടുവെച്ചതായാണ് അറിയുന്നത്.
ആഗസ്റ്റോടെ എല്ലാ ഒരുക്കവും പൂർത്തിയായാലേ ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങളോടൊപ്പം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പ് നടത്താനാവൂ എന്നാണ് കമ്മിഷന്റെ പക്ഷം. പുതുതായി വാങ്ങാൻ നിശ്ചയിച്ച വിവിപാറ്റ് വോട്ടിംഗ് യന്ത്രത്തിന്റെ ലഭ്യതയാണ് പ്രധാന തടസ്സം. അടുത്ത തിരഞ്ഞെടുപ്പിൽ എല്ലായിടത്തും ഇത്തരം യന്ത്രമുപയോഗിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഇവയുടെ നിർമാണം ഭാരത് ഇലക്ട്രോണിക്‌സിലും ഇലക്ട്രോണിക്‌സ് കോർപ്പറേഷനിലും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ യന്ത്രങ്ങൾക്കുള്ള കേന്ദ്രാനുമതിയും ഓർഡർ നൽകലും വൈകിയതാണ് പ്രശ്‌നം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമാത്രം 16 ലക്ഷത്തോളം പുതിയ യന്ത്രങ്ങൾ വേണം. മറ്റു നിയമസഭകളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പുനടത്താൻ കൂടുതൽ യന്ത്രങ്ങൾ ആവശ്യമാണ്. അവ സമയത്തിന് ലഭിക്കില്ല. കാലാവധി കഴിഞ്ഞതിനാൽ പഴയ യന്ത്രങ്ങൾ ഉപയോഗിക്കാനുമാവില്ല.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം ഒടുവിൽ തിരഞ്ഞെടുപ്പുനടക്കേണ്ടത്. ബി.ജെ.പി. ഭരിക്കുന്ന ഈ സംസ്ഥാനങ്ങളിൽ കാറ്റ് മാറിവീശുകയാണെന്ന തോന്നൽ ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വിജയം ഇതിന് ആക്കംകൂട്ടുന്നു. ഛത്തീസ്ഗഢിലും സ്ഥിതി കുറെയൊക്കെ കോൺഗ്രസിന് അനുകൂലമാണെന്നാണ് സൂചന.

