പക്കോഡ പരാമർശത്തെ പ്രതിപക്ഷം വളച്ചൊടിക്കുകയാണെന്ന് ആനന്ദിബെൻ പട്ടേൽ
ന്യൂഡൽഹി : പ്രതിപക്ഷം നരേന്ദ്ര മോദിയുടെ പക്കോഡ പരാമർശത്തെ വളച്ചൊടിക്കുകയാണെന്ന് മധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഒരുദിവസം 200 രൂപയ്ക്ക് പക്കോഡ വിൽക്കുന്നതിനെ ജോലിയായി കണക്കാക്കാനാവില്ലേ എന്ന മോദിയുടെ ചോദ്യത്തിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു ഗുജറാത്ത് മുൻ മുഖ്യമന്ത്രി കൂടിയായ ആനന്ദിബെൻ. പക്കോഡ ഉണ്ടാക്കുന്നത് ഒരു കഴിവാണ്. വിജയകരമായ ബിസിനസിലേക്കുള്ള നാഴികക്കല്ലാണത്. നല്ല രുചികരമായ പക്കോഡകൾ ഉണ്ടാക്കിയില്ലെങ്കിൽ നിങ്ങൾക്കത് വിൽക്കാൻ സാധിക്കില്ല. ഉപഭോക്താക്കളെ കണ്ടെത്താൻ കഴിയില്ല. പക്കോഡ വിൽപന നല്ല ജോലിയല്ലെന്ന് കരുതരുത്. ഒരാൾ രണ്ട് വർഷത്തേക്ക്പക്കോഡ നിർമ്മിച്ച് വിൽപന നടത്തിയാൽ മൂന്നാമത്തെ വർഷം അയാൾക്കൊരു റെസ്റ്റോറന്റ് തുടങ്ങാൻ സാധിക്കും. അഞ്ചാറ് വർഷത്തിനകം ഒരു ഹോട്ടൽ പോലും ആരംഭിക്കാനായെന്ന് വരും ആനന്ദിബെൻ പറഞ്ഞു.
മാധ്യമങ്ങൾക്ക് നകിയ അഭിമുഖത്തിലായിരുന്നു മോദി പക്കോഡ വിൽപനയെക്കുറിച്ച് പരാമർശിച്ചത്. തൊഴിലില്ലായ്മയെക്കാൾ നല്ലതാണ് പക്കോഡ വിൽപനയെന്ന് മോദിയെ പിന്തുണച്ച് അമിത് ഷാ പാർലമെന്റിൽ പറഞ്ഞിരുന്നു. പക്കോഡ വിൽപനയും തൊഴിൽ സൃഷ്ടിക്കലിന്റെ ഭാഗം തന്നെയാണെന്ന മോദിയുടെ പരാമർശം വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു.

