"ഉദ്യോഗസ്ഥർക്ക് ആദരവോടെ പണം നൽകണം, അത് നിങ്ങളുടെ ധർമ്മം": കൈക്കൂലി ന്യായീകരിച്ച് കർണാടക മന്ത്രി
ശാരിക
ബംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർ സേവനങ്ങൾ നൽകുമ്പോൾ ഉപകാരസ്മരണയായി ആദരവോടെ പണം നൽകുന്നത് ധർമ്മമാണെന്ന് പ്രസ്താവിച്ച് വിവാദത്തിലായി കർണാടക എക്സൈസ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവലിംഗേ ഗൗഡ. സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെ ഖേദപ്രകടനവുമായി മന്ത്രി രംഗത്തെത്തി.
ഹാസൻ ജില്ലയിൽ നടന്ന 'പ്രജാ സേവ ആന്ദോളൻ' പരിപാടിക്കിടെയാണ് സംഭവം. കാര്യങ്ങൾ നടന്നു കിട്ടാൻ ഉദ്യോഗസ്ഥർ നിർബന്ധിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന് പൊതുജനങ്ങൾ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ വിചിത്രമായ ന്യായീകരണം. "ഉദ്യോഗസ്ഥർ നിങ്ങൾക്ക് സേവനങ്ങൾ നൽകുമ്പോൾ നൽകേണ്ടത് എന്താണോ, അത് ആദരവോടെ നൽകാം. അത് നിങ്ങളുടെ ധർമ്മമാണ്. എന്നാൽ ആരും ബലമായി പണം വാങ്ങാൻ പാടില്ല" - മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പരാമർശത്തെ സദസ്സിൽ ഉണ്ടായിരുന്നവർ ഉടനടി ചോദ്യം ചെയ്തു. "എന്തിനാണ് ഉദ്യോഗസ്ഥർക്ക് ബഹുമാനത്തോടെ പണം നൽകുന്നത്?" എന്ന് ഒരാൾ ചോദിച്ചപ്പോൾ, "ഞാൻ പണം നൽകാനല്ല, ബഹുമാനം നൽകാനാണ് ആവശ്യപ്പെട്ടത്" എന്ന് മന്ത്രി തിരുത്താൻ ശ്രമിച്ചു.
സംഭവം പുറത്തുവന്നതോടെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. കോൺഗ്രസ് ഭരണത്തിന് കീഴിൽ അഴിമതിയും കൈക്കൂലിയും ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു.
sdfsf

