തെലങ്കാനയിൽ ആശുപത്രിയിലെ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു; 28 കുട്ടികളെ രക്ഷപ്പെടുത്തി
ശാരിക
ഹൈദരാബാദ്: തെലങ്കാനയിലെ ആദിലാബാദിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (RIMS) ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രി 11:50-ഓടെ ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് (SNCU) ദുരന്തമുണ്ടായത്. എയർ കണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സേന തീ പൂർണമായും അണച്ചു. ഈ സമയം എൻ.ഐ.സി.യുവിൽ ഉണ്ടായിരുന്ന മറ്റ് 28 കുട്ടികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായം നൽകുമെന്നും പരുക്കേറ്റവർക്ക് സൗജന്യവും മികച്ചതുമായ ചികിത്സ ഉറപ്പാക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. കൂടാതെ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും വൈദ്യുത സംവിധാനങ്ങൾ അടിയന്തരമായി പരിശോധിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
dfdfsdfsdfs

