ബഹ്‌റൈൻ - യൂറോപ്യൻ യൂണിയൻ സഹകരണം കൂടുതൽ ശക്തമാക്കുന്നു; ഉന്നതതല പ്രതിനിധി സംഘം മനാമയിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, പാർലമെന്ററി സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ധാരണയായി. യൂറോപ്യൻ പാർലമെന്റിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ബഹ്‌റൈനിൽ എത്തി വിവിധ ഭരണത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. അറബ് പെനിൻസുലയുമായുള്ള ബന്ധങ്ങൾക്കായുള്ള യൂറോപ്യൻ പാർലമെന്റ് പ്രതിനിധി സംഘത്തിന്റെ തലവൻ റെയിൻഹോൾഡ് ലോപട്ക എം.ഇ.പി യുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്.

സാറിലുള്ള ജർമ്മൻ റെസിഡൻസിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കവെ, ജി.സി.സി രാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും തമ്മിലുള്ള പാർലമെന്ററി ആശയവിനിമയം ശക്തമാക്കുന്നതിനുള്ള പദ്ധതികൾ റെയിൻഹോൾഡ് ലോപട്ക വിശദീകരിച്ചു. ബഹ്‌റൈന് രണ്ട് സഭകളുള്ള വികസിത പാർലമെന്ററി സംവിധാനമുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, യൂറോപ്യൻ സ്ഥാപനങ്ങളുമായും നയരൂപീകരണക്കാരുമായും യുവാക്കളെ കൂടുതൽ അടുപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു. നിലവിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലും ബഹ്‌റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമുള്ള അവകാശത്തെ യൂറോപ്യൻ യൂണിയൻ പിന്തുണയ്ക്കുന്നുണ്ടെന്നും, വലിപ്പത്തിൽ ചെറുതാണെങ്കിലും മേഖലയിൽ വലിയ പങ്ക് വഹിക്കാൻ ബഹ്‌റൈന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, കൗൺസിൽ ഓഫ് റപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അൽ സലേഹ് എന്നിവരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഇ.യു - ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ (FTA), രാഷ്ട്രീയ-സുരക്ഷാ-സാമ്പത്തിക മേഖലകളെ ഉൾക്കൊള്ളുന്ന സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാർ എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു.

സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ യൂറോപ്യൻ-ജി.സി.സി കമ്പനികൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ കുറയുമെന്ന് ജർമ്മൻ അംബാസഡർ ഹെന്നിംഗ് സിമൺ (Henning Simon) പറഞ്ഞു. സൈബർ സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സംഘടിത കുറ്റകൃത്യങ്ങൾ തടയൽ എന്നിവയിലും സഹകരിക്കാം. ബഹ്‌റൈൻ ജി.സി.സിയിലേക്കുള്ള പ്രധാന കവാടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 15-ന് പ്രവർത്തനം ആരംഭിച്ച 'ഇ.യു ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഇൻ ബഹ്‌റൈൻ' ഒക്ടോബർ 14-ന് ഗൾഫ് മേഖലയിലെ ഇ.യു പ്രത്യേക പ്രതിനിധി ലൂയിഗി ഡി മായോയുടെ പങ്കാളിത്തത്തോടെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഒക്ടോബർ 24-ന് നടക്കാനിരിക്കുന്ന ഇ.യു-ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സുപ്രധാന സന്ദർശനം.
#BahrainEU #EUGCC #BahrainDiplomacy #4PMNews

article-image

dsdfsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed