ജീവനക്കാർക്ക് പ്രകടനത്തിനനുസരിച്ചുള്ള ബഹുമതികളും പ്രതിഫലവും ലഭിക്കുമെന്ന് റയിൽവേ
ന്യൂഡൽഹി : ജീവനക്കാരുടെ ആത്മവീര്യം വർധിപ്പിക്കാൻ പുതിയ നടപടികളുമായി റെയിൽവേ. പുതിയ വിലയിരുത്തൽ സംവിധാനം, ബോണസ്, പ്രോത്സാഹനത്തുക, കീർത്തിമുദ്ര എന്നിവ ഏർപ്പെടുത്താനാണ് ആലോചന. ശുപാർശകൾ നടപ്പാക്കിയാൽ ജീവനക്കാരുടെ സ്ഥാനക്കയറ്റരീതിയാവും പ്രധാനമായി മാറുക. നല്ല പ്രകടനമുണ്ടായാൽ ജീവനക്കാർക്ക് അതിനനുസരിച്ചുള്ള ബഹുമതികളും പ്രതിഫലവും ലഭിക്കും. നിലവിൽ, അഞ്ചുവർഷത്തെ പ്രകടനം ഒന്നിച്ചാണ് റെയിൽേവയിൽ വിലയിരുത്തുന്നത്. ഇൻസെന്റീവുകൾ നൽകാനായി ഒരു ജീവനക്കാരന്റെ അവസാന ഏഴുവർഷത്തിലെ മികച്ച അഞ്ചുവർഷമാണ് റിപ്പോർട്ടിൽ തിരഞ്ഞെടുക്കുക. അതിനുപകരമാണ് പുതിയ രീതിക്കുള്ള ശുപാർശ.
ജീവനക്കാർക്കുള്ള പാർപ്പിടസൗകര്യങ്ങൾ വർധിപ്പിക്കുക, അവരുടെ മാതാപിതാക്കൾക്കുള്ള ചികിത്സാസൗകര്യങ്ങളും സൗജന്യയാത്രാസൗകര്യങ്ങളും വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും ശുപാർശയിലുണ്ട്. പഠനം തുടരാൻ താൽപര്യമുള്ള ജീവനക്കാർക്ക് സാന്പത്തികസഹായം നൽകുക, താഴ്ന്ന ഗ്രേഡുകളിലുള്ള ജീവനക്കർക്കുമാത്രം ബോണസുകൾ നൽകുന്നത് നിർത്തി ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥർക്കും നൽകുക, അപകടമുണ്ടാവാതെ 10 വർഷം സർവീസ് കാലാവധി പൂർത്തിയാക്കുന്ന ഗാങ്മാൻ, ട്രാക്ക്മാൻ എന്നിവർക്ക് പുരസ്‌കാരമായി പണം നൽകുക എന്നീ കാര്യങ്ങളും ശുപാർശയിലുണ്ട്. ഡിസംബറിൽ റെയിൽവേ ജനറൽ മാനേജർമാരുമായി റെയിൽവേ മന്ത്രി നടത്തിയ യോഗത്തിലാണ് പരിഷ്‌കാരങ്ങൾ നിർദേശിച്ചത്.

