ഭാരവാഹികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പാർട്ടി അധ്യക്ഷൻ നിയമപരമായി ബാധ്യസ്ഥനല്ല: മദ്രാസ് ഹൈകോടതിയിൽ എം.കെ. സ്റ്റാലിൻ
ശാരിക
ചെന്നൈ: ഒരു രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായി എന്നതുകൊണ്ടുമാത്രം പാർട്ടി ഘടകങ്ങളോ ഭാരവാഹികളോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താൻ നിയമപരമായി ഉത്തരവാദിയാകില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ മദ്രാസ് ഹൈകോടതിയിൽ വ്യക്തമായി വ്യക്തമാക്കി. തമിഴ്‌നാട് പൊതുമരാമത്ത്–കായിക മന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ ആധവ് അർജുന ഫയൽ ചെയ്ത ഒരു കോടി രൂപയുടെ സിവിൽ അപകീർത്തിക്കേസിലെ ഇടക്കാല ഹർജികളെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്റ്റാലിൻ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
മയക്കുമരുന്ന് കടത്ത് കേസ് പ്രതിയുമായി ആധവ് അർജുനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ഡി.എം.കെ ഐ.ടി വിങ് 'എക്സിൽ' ഇട്ട പോസ്റ്റാണ് കേസിന് ആധാരം. എന്നാൽ തർക്കവിഷയമായ പോസ്റ്റ് ഐ.ടി വിങ് നേരത്തെ തന്നെ നീക്കം ചെയ്തിട്ടുണ്ടെന്നും, അർജുനയെയോ കുടുംബത്തെയോ വ്യക്തിപരമായി അധിക്ഷേപിക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും സ്റ്റാലിൻ കോടതിയെ അറിയിച്ചു.
മന്ത്രിസ്ഥാനത്തിരിക്കുന്ന വ്യക്തിയെയും അവരുടെ ഭരണത്തെയും വിമർശിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. മുൻപ് പ്രസംഗങ്ങളിൽ തന്നെ പരസ്യമായി അധിക്ഷേപിച്ച വ്യക്തിക്ക് സ്വന്തം പ്രതിച്ഛായ തകർന്നു എന്ന് വാദിക്കാൻ ധാർമിക അവകാശമില്ലെന്നും, വസ്തുതകൾ മറച്ചുവെച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് റിച്ചാർഡ് വിൽസൺ മുഖേന ജസ്റ്റിസ് കെ. ഗോവിന്ദരാജൻ തിലകവതിയുടെ ബെഞ്ചിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
fsdf

