ഇന്ത്യയിൽ വിമാനയാത്ര ഓട്ടോ യാത്രയെക്കാൾ ലാഭകരമെന്ന് വ്യോമയാന മന്ത്രി

ഇൻഡോർ : കിലോമീറ്റർ കണക്ക് വെച്ച് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ വിമാനയാത്രക്ക് ഒട്ടോ സവാരിയുടെ നിരക്കിനെക്കാൾ കുറവാണെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഇൻഡോർ മാനേജ്മെന്റ് അസോസിയേഷന്റെ 27ാമത് രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡോറിൽ നിന്ന് ഡൽഹിയിലേക്ക് വിമാന യാത്രക്ക് ചെലവാകുന്നത് കിലോമീറ്ററിന് വെറും അഞ്ചു രൂപമാത്രമാണ്. പക്ഷെ നഗരത്തിൽ ഒന്ന് കറങ്ങാൻ മാത്രം ഓട്ടോറിക്ഷ വിളിക്കുകയാണെങ്കിൽ മിനിമം ചാർജ്ജായി എട്ട് രൂപ മുതൽ പത്തുരൂപ വരെ മുടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പലരും യാത്രക്കായി വിമാനങ്ങൾ തിരഞ്ഞെടുക്കുന്നത് ഇന്ത്യയിൽ വിമാന യാത്രാ ചെലവ് കുറവായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
നാല് വർഷങ്ങൾക്ക് മുന്പ് 11 കോടി ജനങ്ങളാണ് വിമാനയാത്ര തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇന്നത് 20 കോടിയിലെത്തിക്കഴിഞ്ഞു. വരും വർഷങ്ങളിൽ ഇത് അഞ്ചിരട്ടി വർദ്ധിച്ച് 100 കോടിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.