കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി മന്ത്രിമാർ

തിരുവനന്തപുരം : സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ 49,900 രൂപയുടെ കണ്ണട വാങ്ങിയ സംഭവത്തിൽ പിന്തുണയുമായി മന്ത്രിമാർ രംഗത്ത്. ചട്ടവിരുദ്ധമായോ അഴിമതിയോ കണ്ണട വാങ്ങിയതിൽ സംഭവിച്ചിട്ടില്ലെന്നും കൃത്രിമ രേഖയുണ്ടാക്കിയുമല്ല, അർഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റിയതെന്നും കൃഷിമന്ത്രി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. വിവാദമുണ്ടാക്കുന്നത് അനാവശ്യമാണെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനും പ്രതികരിച്ചു.
നേരത്തേ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്പീക്കറെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അർഹതപ്പെട്ട ആനുകൂല്യം എഴുതിയെടുക്കുന്നതിൽ തെറ്റില്ലെന്നും ലളിത ജീവിതം നയിക്കണമോ എന്നു വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും കാനം പറഞ്ഞു.
സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ മെഡിക്കൽ ഇനത്തിൽ കൈപ്പറ്റിയെന്നു വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു. മെഡിക്കൽ റീ ഇംബെഴ്സ്മെന്‍റ് ഇനത്തിൽ 425594 രൂപയാണ് സ്പീക്കർ 05.10.2016 മുതൽ 19.01.2018 വരെയുള്ള കാലയളവിൽ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നുണ്ട്.