മുത്തലാഖ് ഉൾപ്പെടെയുള്ള മതനിയമങ്ങളിൽ ഇടപെടാൻ സർക്കാരുകൾക്ക് അവകാശമില്ലെന്ന് ശരത് പവാർ

ഒൗറംഗബാദ് : ഖുറാനിൽ അനുവദിച്ചിട്ടുള്ള മുത്തലാഖ് ഉൾപ്പെടെയുള്ള മതനിയമങ്ങളിൽ ഇടപെടാൻ സർക്കാരുകൾക്ക് യാതൊരു അവകാശമില്ലെന്ന് എൻ.സി.പി നേതാവ് ശരത് പവാർ. ശനിയാഴ്ച ഒൗറംഗബാദിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മതസമുദായത്തെയും പുരോഹിതരെയും വിശ്വാസത്തിലെടുത്തുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
മുസ്ലിംകൾക്ക് ഖുറാൻ അനുവദിച്ചു നൽകിയിട്ടുള്ളതാണ് മുത്തലാഖ്. ഇത് ഒരു സന്ദേശമാണ്. ഒരു ഭരണാധികാരിക്കും ഇതിൽ ഇടപെടാൻ അവകാശമില്ല− എൻ.സി.പി റാലിയിൽ പവാർ പറഞ്ഞു.
ഡിസംബറിൽ ചേർന്ന പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ മുത്തലാഖ് നിരോധ ബിൽ ബി.ജെ.പി സർക്കാർ പാസാക്കിയിരുന്നു. എന്നാൽ നിയമത്തിൽ പ്രതിപക്ഷം ഭേദഗതികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ബിൽ രാജ്യസഭയിൽ പാസാക്കാൻ ബി.ജെ.പി സർക്കാരിനു കഴിഞ്ഞില്ല. ബിൽ തിടുക്കത്തിൽ നടപ്പാക്കാതെ പാർലമെന്‍ററി പാനലിനു വിടണമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നാൽ സർക്കാർ ഇതിന് എതിരു നിൽക്കുകയാണ്.