ദാവൂദ് ഇബ്രാഹിമിന് ലണ്ടനിൽ കോടികളുടെ സന്പാദ്യം

ന്യൂഡൽഹി : ഇന്ത്യ തേടുന്ന കുപ്രസിദ്ധ കുറ്റവാളിയും 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന് ബ്രിട്ടണിൽ ഹോട്ടലുകളും ആഡംബര വസതികളുമടക്കം കോടികളുടെ സന്പാദ്യമുണ്ടെന്ന് റിപ്പോർട്ടുകൾ. 62 കാരനായ ഈ അധോലോക നായകന്റെ ആസ്തികൾ ബ്രിട്ടണിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യ, യു.എ.ഇ, സ്പെയിൻ, മൊറോക്കോ, തുർക്കി, സൈപ്രസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ദാവൂദ് ഇബ്രാഹിമിന്റെ സാമ്രാജ്യങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ അധികൃതർ ബ്രിട്ടീഷ് സർക്കാരിന് കൈമാറിയ രേഖകളിൽ നിന്നു കിട്ടിയ വിവരങ്ങളും പനാമ പേപ്പർ വിവരങ്ങളും പരിശോധിച്ചാണ് വിവരങ്ങൾ പുറത്തുവിട്ടത്. ദാവൂദിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ മുന്നു വിലാസത്തിൽ വാങ്ങിയിട്ടുള്ള ആസ്തികൾ ബ്രിട്ടൺ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.
ദാവൂദിന്റെ ആസ്തികൾക്ക് പുതിയതായി നടപ്പിലാക്കാൻ പോകുന്ന നിയമം ബാധകമായേക്കും. ഇങ്ങനെയായാൽ അവ സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കും. ദാവൂദ് പാകിസ്ഥാനിൽ ഒളിവിൽ കഴിയുന്നു എന്നാണ് ഇന്ത്യൻ അധികൃതർ നിരന്തരം ഉന്നയിക്കുന്നത്. ഇക്കാര്യം പാകിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ദാവൂദിന്റെ ബ്രിട്ടണിലെ സ്വത്തുക്കൾ വലം കൈയായ മുഹമ്മദ് ഇഖ്ബാൽ എന്ന മിർച്ചി മേമനാണ് കൈകാര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടലുകൾ, ബംഗ്ലാവുകൾ, ആഡംബര വസതികൾ, ടവർ ബ്ലോക്കുകൾ തുടങ്ങിയ കോടികൾ മതിക്കുന്ന ആസ്തികളാണ് ദാവൂദിന് ബ്രിട്ടണിലുള്ളത്.