താൽക്കാലിക തിരിച്ചറിയൽ നന്പറുമായി യു.ഐ.ഡി.എ.ഐ
ന്യൂഡൽഹി : ആധാർ നന്പർ സംരക്ഷിക്കാൻ വെർച്വൽ ഐഡിയുമായി യുണീക്ക് ഐഡറ്റിഫിക്കേഷൻ അഥോറിറ്റി (യുഐ.ഡി.എ.ഐ). വിവിധ സേവനങ്ങളുടെ ഭാഗമായുള്ള സാക്ഷ്യപ്പെടുത്തലുകൾക്ക് ആധാർ നന്പർ നൽകുന്നതിനുപകരം, ഈ താൽകാലിക നന്പർ നൽകിയാൽ മതി. ആധാർ വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും സുരക്ഷ ശക്തിപ്പെടുത്തുകയുമാണ് പുതിയ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ ഏജൻസികൾ ആധാർ നന്പറുകൾ വ്യാപകമായി ശേഖരിക്കുന്നതിലും ഇത് കുറവുവരുത്തും.
ഇതുസംബന്ധിച്ച് യു.ഐ.ഡി.എ.ഐ. സർക്കുലർ പുറപ്പെടുവിച്ചു. 12 അക്കമാണ് ആധാർ നന്പറെങ്കിൽ, 16 അക്കമാണ് താൽകാലിക തിരിച്ചറിയൽ നന്പർ. ഏതുസമയവും ഈ നന്പർ മാറ്റാം. ആധാറിന്റെ വെബ്‌സൈറ്റിൽ കയറിയാൽ ആധാർകാർഡുള്ള ആർക്കും പതിനാറക്ക നന്പർ സ്വന്തമാക്കാം. പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവയടക്കമുള്ള അടിസ്ഥാന ബയോമെട്രിക് വിവരങ്ങളും ഈ നന്പറിൽ ലഭ്യമാകും. ഈ നന്പറിൽ ആധാർ നന്പറും ഉൾപ്പെടുമെങ്കിലും അത് വേർതിരിച്ചെടുക്കുക സാധ്യമല്ല. നിശ്ചിതസമയത്തേക്കു മാത്രമാകും ഈ നന്പർ സാധുവായിരിക്കുക. ഈസമയം തീരുന്നതിനുമുന്പുതന്നെ വേണമെങ്കിൽ പുതിയ താൽകാലിക നന്പറിലേക്ക് മാറാൻ സാധിക്കും.
അങ്ങനെയുണ്ടായാൽ ആദ്യത്തെനന്പർ അസാധുവാകും. മാർച്ച് ഒന്ന് മുതലാണ് ഈ സംവിധാനം നിലവിൽ വരിക. എല്ലാ ഏജൻസികളും തങ്ങളുടെ ഉപഭോക്താക്കളിൽനിന്ന് ഈ നന്പർ അവരുടെ സേവനങ്ങളുടെ ഭാഗമായുള്ള സാക്ഷ്യപ്പെടുത്തലിന് നിർബന്ധമാക്കും. എന്നാൽ, നിശ്ചയിച്ച സമയത്തിന് ശേഷവും ഈ സംവിധാനത്തിലേക്കുമാറാത്ത ഏജൻസികളുടെമേൽ പിഴ ചുമത്തുമെന്നും യു.ഐ.ഡി.എ.ഐ.യുടെ സർക്കുലറിൽ പറയുന്നു. സിംകാർഡ് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾക്ക് താൽകാലിക നന്പർ ഉപയോഗിക്കാം. ഇതോടൊപ്പംതന്നെ നിയന്ത്രിത കെ.വൈ.സി. സംവിധാനമെന്ന സങ്കൽപവും യു.ഐ.ഡി.എ.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. നിയന്ത്രിതവും ആവശ്യത്തിനുള്ളതുമായ വിവരം ബന്ധപ്പെട്ട ഏജൻസിക്ക് നൽകുന്ന രീതിയാണിത്.
ആധാറുപയോഗിച്ചുള്ള സാക്ഷ്യപ്പെടുത്തൽ നടക്കുന്ന സാഹചര്യങ്ങളിലോ, കെ.വൈ.സി സേവനങ്ങൾ ഉപയോഗിക്കുന്പോഴോ ഈ സാങ്കൽപ്പിക തിരിച്ചറിയൽനന്പർ ഉപയോഗിക്കാം. ബന്ധപ്പെട്ട ഏജൻസികൾ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്ന സമയത്ത് ഈ നന്പറും വിരലടയാളവും നൽകണം. 500 രൂപയ്ക്ക് ആധാർ വിവരങ്ങൾ ചോർത്തി നൽകുന്ന സംഘങ്ങളെക്കുറിച്ച് ദ ട്രിബ്യൂൺ പത്രമാണ് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് ദേശീയതലത്തിൽ വിവാദമായിരുന്നു.

