ബി.ജെ.പിക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണം : അമിത് ഷാ
ചിത്രദുർഗ : കർണാടക സർക്കാർ ഹിന്ദുവിരുദ്ധമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി, ആർ.എസ്.എസ്. പ്രവർത്തകർക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചിത്രദുർഗയിൽ നടന്ന പരിവർത്തനറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയിലൂടെ സിദ്ധരാമയ്യ സർക്കാർ ജനങ്ങളിൽനിന്നും അകന്നുകഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിന്‍റെ പ്രവർത്തനം കോൺഗ്രസുകാരുടെ ക്ഷേമത്തിനായിരുന്നു. ജനങ്ങൾക്കു പകരം നേതാക്കളുടെ ക്ഷേമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തിനിടെ ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരായ 20 പേർക്കാണ് ജീവൻ നഷ്ടമായത്. തങ്ങൾ ഒരിക്കൽ അധികാരത്തിലെത്തുകയും ഈ കേസുകൾ അന്വേഷിക്കുകയും നിങ്ങൾ ജയിലിൽ പോകേണ്ടിവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിരുദ്ധ സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. മുസ്‌ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമാണ് എസ.്ഡി.പി.ഐ.യെന്നും ഇവരുടെ കേസുകൾ സർക്കാർ പിൻവലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് അമിത് ഷാ െബംഗളൂരുവിലെത്തിയത്.
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അമിത് ഷായുടെ രണ്ടാമത്തെ കർണാടക സന്ദർശനമാണിത്. രാത്രി യെലഹങ്കയിലെ റോയൽ ഓർക്കിഡ് റിസോർട്ടിൽ പാർട്ടിനേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഉത്തര−ദക്ഷിണ കർണാടകകളുടെ ചുമതല വഹിക്കുന്നവരുമായി പ്രത്യേക യോഗവും നടത്തി.

